Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭയകൗടില്യലോഭങ്ങൾ...

ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ

text_fields
bookmark_border
ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ
cancel

പത്രപ്രവർത്തനസ്വാതന്ത്ര്യത്തിെൻറ  പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകളാണ് തലക്കെട്ടായി കൊടുത്തിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 1910ൽ സ്വദേശാഭിമാനി നാടുകടത്തപ്പെട്ടത്. ‘രാജസേവകപ്രഭാവം’ എന്ന മുഖപ്രസംഗത്തിൽ സ്വദേശാഭിമാനി എഴുതി: ‘തിരുമനസ്സിലെ അറിവുകൂടാതെ അനേകം സാമാനങ്ങളും പണവും ഇവർ കൊട്ടാരത്തിൽനിന്ന് കൊള്ളിയിട്ടിട്ടുണ്ടെന്ന് ജനങ്ങൾ പരക്കെ വിശ്വസിക്കത്തവണ്ണം, കൊട്ടാരത്തിൽ കണ്ടിട്ടുള്ള പല സാധനങ്ങളും ഇവരുടെ ഗൃഹങ്ങളിൽ കണ്ടിരിക്കുന്നു. ഇവക്കുള്ള പ്രഭാവത്തിെൻറ വലുപ്പം നിർണയിക്കുന്നതിന് പലേ ലക്ഷ്യങ്ങളും നമുക്ക് സിദ്ധിക്കുന്നുമുണ്ട്.’ ഇത്തരത്തിൽ ഭരണാധികാരവ്യവസ്ഥയിലെ അഴിമതിയെ വെളിപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തതിെൻറ പേരിലാണ് സ്വദേശാഭിമാനിക്ക് ആ അവസ്ഥയുണ്ടായത്. ദളവാഭരണവും രാജാധിപത്യവും അവസാനിച്ചിട്ടും സ്വദേശാഭിമാനിയുടെ അനുഭവത്തിനിപ്പുറം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും കേരളത്തിൽ ഫ്യൂഡൽ മനോഭാവം അധികാരവ്യവസ്ഥയിൽ പ്രബലമാണെന്നതിനു തെളിവാണ് സർക്കാർ ജീവനക്കാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേൽ വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ്. അതിനെതിരെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നു. എന്നാൽ, അത്തരത്തിലൊരു ഉത്തരവിലേക്ക് നയിച്ച മൂല്യബോധം അത്യന്തം ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ.

ഇന്ത്യയെ സംബന്ധിച്ച് പൊതുവിലും കേരളത്തെ സംബന്ധിച്ച് വിശേഷിച്ചും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ആ ഉത്തരവ്. ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ പൗരർക്കു നൽകുന്ന അവകാശങ്ങളിൽ ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പ്രധാനമാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാർ ഈ രാജ്യത്ത് നിർവഹിക്കേണ്ട പ്രധാന ഉത്തരവാദിത്തം ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങൾ ഇവിടത്തെ പൗരർക്ക് അനുഭവിക്കാനാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുനാളുകളായി ആ അവകാശം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എഴുത്തുകാരും ബുദ്ധിജീവികളും ചിന്തകരുമടങ്ങുന്ന ഒരു സമൂഹം കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ഭീഷണി നേരിടുകയോ ആണ്. മതതീവ്രവാദത്തിൽനിന്ന് രാജ്യത്തെ പൗരർ നേരിടുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ ചുമതലപ്പെട്ട ഭരണാധികാരികൾ നിശ്ശബ്ദത പാലിക്കുകയോ മതതീവ്രവാദത്തിന് അനുകൂലമായി പരസ്യപ്രസ്താവനകൾ നൽകുകയോ ആണ് ചെയ്തുവരുന്നത്. ഇത് നഗ്നമായ ഭരണഘടനാലംഘനമാണ്. രാജ്യത്ത് നിലനിൽക്കുന്ന ഭീതിയുടെ അന്തരീക്ഷത്തെ ചെറുത്തുനിൽക്കുന്നതാണ് കേരളത്തിെൻറ നവോത്ഥാന–സ്വാതന്ത്ര്യ–ജനാധിപത്യബോധം. ആ അഭിമാനത്തെ തകർക്കുന്നതായിരുന്നു സർക്കാർ ജീവനക്കാർക്കുമേൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്.

കേരളസർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 48 അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മുൻകൂർ അനുമതി കൂടാതെതന്നെ കല–സാഹിത്യ–ശാസ്ത്ര–സാംസ്കാരിക–ജീവകാരുണ്യപ്രവർത്തനങ്ങളിൽ അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരാത്തരീതിയിലും പ്രതിഫലേച്ഛയില്ലാതെയും ഏർപ്പെടുന്നതിന് സോപാധികം അനുവാദമുണ്ട് എന്ന് പുതിയ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ഇവിടെ ‘സോപാധികം’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ഉപാധികളോടെ അനുവദിക്കപ്പെട്ടിരിക്കുന്ന ഈ സ്വാതന്ത്ര്യം നിലവിലിരിക്കുമ്പോൾ അതിനുമേൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതിെൻറ ആവശ്യമെന്തായിരുന്നു? ആ ഉപാധികൾ കൃത്യമായും കർശനമായും പാലിക്കുകയല്ലേ വേണ്ടത്? സർക്കാർ ജീവനക്കാരുടെ നിയമനാധികാരി സർക്കാറാണ് എന്നതുകൊണ്ടുതന്നെ ഔദ്യോഗികകൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം തീർച്ചയായും സർക്കാറിനുണ്ട്. എന്നാൽ, ആ ഉത്തരവാദിത്തത്തിന് അടിമത്തം അടിച്ചേൽപിക്കുക എന്നല്ല അർഥം. മാത്രമല്ല, സർക്കാർ ജീവനക്കാർ, സ്വകാര്യ ജീവനക്കാരിൽനിന്ന് വ്യത്യസ്തമായി അവർ നിയമിക്കപ്പെടുന്ന ജോലിക്ക് അനിവാര്യമായ യോഗ്യതകൾ ഒന്നിലധികം ഘട്ടങ്ങളിൽ പരിശോധിക്കപ്പെട്ടതിനുശേഷമാണ് നിയമിക്കപ്പെടുന്നത്. അവരുടെ വ്യക്തിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജനാധിപത്യസർക്കാറിൽ നിന്ന് ഉണ്ടാവേണ്ടത്.

ഗവേഷണവും തുടർപഠനവും നാടിെൻറ പുരോഗതിക്ക് അനിവാര്യമാണ്. ശാസ്ത്ര–മാനവിക വിഷയങ്ങളിൽ നടക്കുന്നഗവേഷണങ്ങളുടെ ഫലങ്ങൾ സമൂഹത്തിനുവേണ്ടിയാണ് പരസ്യപ്പെടുത്തുന്നത്. പുസ്തകങ്ങളായും മറ്റും അവ പ്രസിദ്ധീകരിക്കപ്പെടുന്നു. ഉത്തരവിൽ  പറയുന്നത്   അത്തരത്തിൽ പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്നാണ്. പ്രസാധകർ ആരെന്നും അവതാരിക എഴുതുന്നത് ആരെന്നും മുൻകൂട്ടി അറിയിക്കണമത്രെ. ‘നാവടക്കൂ...’ എന്ന ആഹ്വാനത്തിെൻറ ധ്വനി ഈ ഉത്തരവിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതിൽ അദ്ഭുതമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനാമൂല്യങ്ങളുടെയും ജനാധിപത്യത്തിെൻറയും സംരക്ഷണത്തിന് നവോത്ഥാനപാരമ്പര്യത്തിെൻറ ഒരു അടിസ്ഥാനം കൂടിയുണ്ട്. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ എന്ന ശ്രീനാരായണഗുരുവിെൻറ സന്ദേശം ഉയർന്ന ജനാധിപത്യബോധത്തിെൻറ പ്രകാശനമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് ഈ നവോത്ഥാനപാരമ്പര്യമാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളെ യാഥാർഥ്യമാക്കാൻ ഈ നവോത്ഥാനധാരക്കു കഴിയും. എന്നാൽ, അതിനെ അട്ടിമറിക്കാനും കേരളത്തെ പിറകോട്ടു നടത്താനുമുള്ള യാഥാസ്ഥിതിക ശ്രമങ്ങൾ ശക്തമാകുന്നുണ്ടെന്നതു വാസ്തവമാണ്. അത്തരം ശ്രമങ്ങൾക്കു തടയിടുന്നതിനുപകരം അവയെ പ്രോത്സാഹിപ്പിക്കുക എന്ന വൈരുധ്യമാണ് സർക്കാർ ഉത്തരവിൽ വ്യക്തമായത്.

ഉള്ളൂരും മലയാറ്റൂരും അടക്കമുള്ള സർക്കാർ ജീവനക്കാർ അവരുടെ സാഹിത്യസൃഷ്ടികളിലൂടെയും സർഗാത്മക പ്രവർത്തനത്തിലൂടെയും ദേശീയതലത്തിൽ കേരളത്തിെൻറ അഭിമാനം ഉയർത്തിപ്പിടിച്ചവരാണ്. പലകാലങ്ങളിൽ, വിശേഷിച്ച് അടിയന്തരാവസ്ഥയുടെ നാളുകളിൽ ഏർപ്പെടുത്തിയ വിലക്ക് രാജ്യത്തിനും മലയാളത്തിനും നഷ്ടപ്പെടുത്തിയത് വിലയേറിയ സാഹിത്യസമ്പത്തുക്കളായിരുന്നു. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് സ്വാതന്ത്ര്യത്തിനുമേൽ പുതിയ വിലക്കുകൾ ഏർപ്പെടുത്തുന്നത് ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണ്. അത് തിരിച്ചറിഞ്ഞാവും സർക്കാർ പുതിയ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം. ‘എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നു...ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്ക് എെൻറ നാടിനെ ഉണർത്തേണമേ’ (ടാഗോർ) എന്നതിലടങ്ങുന്ന  ഉയർന്ന ജനാധിപത്യബോധം സാക്ഷാത്കരിക്കാനാവട്ടെ തീട്ടൂരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govt servants
Next Story