സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കണക്ക് തയാറാക്കാന്‍ നിര്‍ദേശം

കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കണക്കു തയാറാക്കാന്‍ മന്ത്രി കെ.ബാബു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

എറണാകുളം  ഗെസ്റ്റ് ഹൗസില്‍ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ ഹെല്‍ത്ത് മിഷന്‍ യോഗത്തിലാണ്  മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ  ആശുപത്രിവരെ ഡോക്ടര്‍മാരുടെ കണക്ക് തയാറാക്കണം. ഓരോ ആശുപത്രിയിലെയും അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം, ഒഴിഞ്ഞ്ുകിടക്കുന്നവ, അധികമായി ആവശ്യമുള്ള തസ്തിക എന്നിവ വ്യക്തമാക്കുന്ന കണക്ക് ജില്ലയിലെ മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും കൈമാറണമെന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാനും യോഗത്തില്‍ ധാരണയായി. തൃപ്പൂണിത്തുറയില്‍ 13 ഡോക്ടര്‍മാരുണ്ടെങ്കിലും പലരും ആശുപത്രിയിലെത്തുന്നില്ലെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഒരു ദിവസം 600 ലേറെ രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഇത്തരം സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ഫിസിഷ്യനെ ആലുവയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, തൃപ്പൂണിത്തുറയില്‍ രണ്ട്  ഡോക്ടര്‍മാര്‍ ഈ വിഭാഗത്തിലുള്ളതിനാലാണ് ഒരാളെ ആലുവയിലേക്ക് മാറ്റിയതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഹസീന വ്യക്തമാക്കി. നിയോജകമണ്ഡലങ്ങളിലെ ആശുപത്രികളുടെ സൗകര്യങ്ങളെക്കുറിച്ചും ആവശ്യമായ വികസനങ്ങളെക്കുറിച്ചും അതത് എം. എല്‍. എമാര്‍ ഒരാഴ്ചക്കകം രൂപരേഖ സമര്‍പ്പിക്കുമെന്ന് തൃക്കാക്കര എം.എല്‍. എ ബെന്നി ബഹനാന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ ഹെല്‍ത്ത് മിഷനില്‍നിന്ന് ആവശ്യമായ സഹായങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഡോക്ടര്‍മാരുടെ അഭാവവുമാണ് എം.എല്‍.എമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉന്നയിച്ചത്. പല ഹെല്‍ത്ത്  സെന്ററുകളിലും ഡോക്ടര്‍മാരുടെ സേവനം പോലുമില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. കോളജ് തലങ്ങളില്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച ബോധവത്കരണത്തിന്റെ  ഭാഗമായി 'ആരോഗ്യ യുവത' ആരംഭിക്കാന്‍ തീരുമാനമായതായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.

കേന്ദ്ര മന്തി കെ.വി. തോമസ് ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷത്തെ കേന്ദ്ര ആരോഗ്യ പദ്ധതികള്‍ ഭംഗിയായി നടപ്പാക്കിയതില്‍ എന്‍.ആര്‍.എച്ച്.എമ്മിന് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ വാര്‍ഡുതല ശുചീകരണ പദ്ധതി ഫണ്ടായ 740000 രൂപയുടെ ചെക് മന്ത്രി കെ. ബാബു മേയര്‍ ടോണി ചമ്മണിക്ക് കൈമാറി. എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എല്‍.മാരായ അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍, വി.പി. സജീന്ദ്രന്‍, ലൂഡി  ലൂയിസ്, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. കെ.വി. ബീന, ചാള്‍സ് ഡയസ് എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.