മെഡി.കോളജിലെ പഴയ കെട്ടിടങ്ങള്‍ അപകട ഭീഷണിയില്‍

തൃശൂര്‍: മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നു. എപ്പോള്‍ വേണമെങ്കിലും മേല്‍ക്കൂര തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടങ്ങള്‍. മേല്‍ക്കൂര അടര്‍ന്നുവീഴല്‍ പതിവായോതോടെ ബയോ കെമിസ്ട്രി ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി.ബി സാനിറ്റോറിയങ്ങള്‍ ആയിരുന്ന കെട്ടിടങ്ങളിലാണ് ഒമ്പതോളം നോണ്‍ ക്ലിനിക്കല്‍ ഡിപ്പാര്‍ട്‌മെന്റുകളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പരീക്ഷാഹാളുകളും പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നു. അടുത്തിടെ മൈക്രോ ബയോളജി ലാബിലും പത്തോളജി ലാബിലും മേല്‍ക്കൂര അടര്‍ന്നുവീണു. പലയിടങ്ങളിലും ചുമരില്‍ ഷോക്കുണ്ട്.

 സ്ഥിതി വഷളായതോടെയാണ് ബയോ കെമിസ്ട്രി ക്ലാസുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ അത്യാവശ്യ ക്ലാസുകള്‍ക്ക് ലെക്ചറര്‍ ഹാളാണ് ഉപയോഗിക്കുന്നത്. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 20 ശതമാനം അധ്യാപകരുടെ കുറവുണ്ട്. മെഡിസിന്‍, സര്‍ജറി, കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റുകളിലെ അധ്യാപകരുടെ കുറവ് ക്ലാസുകളെ  ബാധിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ സ്വരാജ് റൗണ്ടില്‍ അഞ്ചിടങ്ങളിലായി പ്രതീകാത്മക പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.