മലപ്പുറം: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ 2010-11 വര്‍ഷത്തില്‍ 8915 പ്രവൃത്തികള്‍ ഏറ്റെടുക്കുകയും 8626 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തതായി ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട്് ചെയ്തു. മുന്‍വര്‍ഷത്തെ നീക്കിയിരിപ്പ് ഉള്‍പ്പെടെ 6584.98 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതില്‍ 4904.77 ലക്ഷമാണ് ചെലവഴിച്ചത്. 74.48 ശതമാനം തുക ചെലവഴിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തുക വിനിയോഗത്തില്‍ 48 ശതമാനം വര്‍ധിച്ചു. 74,373 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ നല്‍കിയത്. ശരാശരി 32.88 പ്രവൃത്തി ദിനങ്ങളാണ് നല്‍കിയത്.
2011-12 വര്‍ഷത്തില്‍ 2769.47 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ഇതില്‍ 388.86 ലക്ഷം രൂപയാണ് (14.04 ശതമാനം) ഇതുവരെ ചെലവഴിച്ചത്. ഇന്ദിര ആവാസ് യോജനയില്‍ 2995.08 ലക്ഷം രൂപയില്‍ 2110.91 ലക്ഷം രൂപയാണ് ജില്ലയില്‍ ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പ് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കേന്ദ്ര വിദേശകാര്യ - മാനവ വിഭവശേഷി സഹമന്ത്രി ഇ. അഹമ്മദ് അധ്യക്ഷനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉപാധ്യക്ഷനുമായ സമിതി കലക്ടറേറ്റ് സമ്മേളന ഹാളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പദ്ധതി ആവിഷ്‌കരിക്കാവൂവെന്നും ആദ്യപടിയായി ഗ്രാമസഭകളില്‍ എല്ലാ പദ്ധതികളും ചര്‍ച്ച ചെയ്യണമെന്നും സമിതി അറിയിച്ചു. രാജീവ്ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാരെ നിയമിക്കാനും ഉപകരണങ്ങള്‍ വാങ്ങുന്നതിന് തടസ്സം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമെടുക്കാനും ജില്ലയുടെ സുസ്ഥിര വികസനത്തിനുതകുന്ന പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇത്തരം പ്രവൃത്തികള്‍ അവലോകന റിപ്പോര്‍ട്ടില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും അധ്യക്ഷന്‍ നിര്‍ദേശിച്ചു.
ഇന്ദിര വികാസ് യോജനയില്‍ വീട് നല്‍കാന്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് പട്ടിക തയാറാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാറിന്റെ സമാന പദ്ധതികള്‍ക്ക് വിനിയോഗിക്കരുത്. പി.എം.ജി.എസ്.വൈ പ്രകാരം റോഡ് നിര്‍മാണത്തിനുള്ള പ്രോജക്ടുകള്‍ ആഗസ്റ്റ് അഞ്ചിനകം സര്‍ക്കാറിന് നല്‍കണം. അതിനാല്‍ ജൂലൈ 20നകം തന്നെ ബ്ലോക്ക് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട റോഡുകള്‍ തീരുമാനിക്കണം. റോഡുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതലത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപവത്കരിച്ച് ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്ന് ഇ. അഹമ്മദ് നിര്‍ദേശിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഭേദഗതി ചെയ്ത് നടപ്പാക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ദേശീയ കുടുംബ സഹായ പദ്ധതി പ്രകാരം നാല് കോടി രൂപ വിനിയോഗിച്ചതായി ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.
എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, കെ. മുഹമ്മദുണ്ണി ഹാജി, അഡ്വ. എം. ഉമ്മര്‍, പി.കെ. ബഷീര്‍, പി. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍