അങ്ങാടിപ്പുറം: മഴ ചാറിനിന്ന ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ തിരുമാന്ധാംകുന്നിലമ്മക്ക് ചാന്താട്ടച്ചന്തം. നിറ ചാന്തിലാറാടിയ ഭഗവതിയുടെ ദര്‍ശനത്തിനും അനുഗ്രഹ സായൂജ്യത്തിനും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സന്നിധിയില്‍ വന്‍ ഭക്തജനത്തിരക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ ചാന്താട്ടമാണ് ശനിയാഴ്ച നടന്നത്.
രാവിലെ 9.30ഓടെ പന്തീരടി പൂജക്ക് ശേഷം മരുതൂര്‍ക്കര രാജന്‍ നമ്പൂതിരിയും ഹരിനമ്പൂതിരിയും ചേര്‍ന്ന് പത്തായപ്പുരയില്‍ ആചാരാനുഷ്ഠാനങ്ങളോടെ തയാറാക്കിവെച്ച വിശേഷപ്പെട്ട ചാന്ത് നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ചു.
ശംഖ്‌നാദം മുഴക്കി വാദ്യങ്ങളുടെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ എഴുന്നള്ളിച്ച ചാന്തിനൊപ്പം പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ട് കൈ കൂപ്പി ഭക്തജനങ്ങള്‍ അനുഗമിച്ചു. നാലമ്പലത്തിനകത്ത് പ്രത്യേകം ഒരുക്കിയ ശിവന്റെ മുഖമണ്ഡപത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം കലശമാക്കിയ നവകം, പഞ്ചഗവ്യം, കളഭം എന്നിവ അര്‍ച്ചനാ ബിംബത്തിലും ചാന്ത് ഭഗവതിയുടെ ദാരു ബിംബത്തിലും അഭിഷേകം നടത്തി. മാതൃശാലയിലെ ദാരു നിര്‍മിതമായ സപ്ത മാതൃക്കള്‍ക്കും നാലമ്പലത്തിന് പുറത്ത് ക്ഷേത്രപാലനും ചാന്തഭിഷേകം നടത്തി. തുടര്‍ന്ന് ഉച്ചപൂജയോടെ ചടങ്ങുകള്‍ അവസാനിച്ചു. തന്ത്രി പന്തലക്കോടത്ത് നാരായണന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
പാലക്കാട് നെന്മാറ വിത്തനശ്ശേരിയില്‍ നിന്ന് കൊണ്ടുവന്ന 12 ലിറ്റര്‍ ചാന്താണ് ചാന്താട്ടത്തിന് ഉപയോഗിച്ചത്. പ്രത്യേകതരം തേക്കില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വിശേഷ പ്രക്രിയവഴി തയാറാക്കിയതാണ് ചാന്ത്. ഇത് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.
ആദ്യ ചാന്താട്ടത്തിന് മുമ്പായി അഴിച്ചുവെച്ച ഭഗവതിയുടെ ആടയാഭരണങ്ങള്‍ ഇനി കന്നിമാസത്തിലെ ആയില്യം നാള്‍ മുതല്‍ വീണ്ടും ചാര്‍ത്തും. മാനേജര്‍ വിനയ്കുമാര്‍, അസി. മാനേജര്‍ ടി.വി. ചന്ദ്രശേഖര വാര്യര്‍, കാവുടയനായര്‍ സ്ഥാനി വി. കേശവന്‍കുട്ടി മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍