കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍: ടെന്‍ഡറിന് ഉടന്‍ അനുമതി

മലപ്പുറം: നൂറ് ദിന കര്‍മപരിപാടിയില്‍ നടപ്പാക്കുന്ന മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ നിര്‍മാണം ആരംഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കി  ടെന്‍ഡറിന് ഉടന്‍ അനുമതി നല്‍കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട ചെറിയ സാങ്കേതിക മാറ്റങ്ങള്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ അംഗീകരിച്ച ഉടനെ ടെന്‍ഡര്‍ നടപടി ആരംഭിക്കും. താത്കാലിക ബസ് ബേയുമായി ബന്ധപ്പെട്ട തടസ്സം ഉടന്‍ നീക്കും. എം.എസ്.പിയുടെ ഗാരേജ് ഇതിന് ഉപയോഗിക്കും. സ്ഥലത്തിന്റെ അപര്യാപ്തത എം.എസ്.പി അധികൃതര്‍ അറിയിച്ചെങ്കിലും പുതിയ ബസ് ബേകള്‍ കെ.എസ്.ആര്‍.ടി.സിയുടെ ചെലവില്‍ നിര്‍മിച്ച് നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നു. ബസുകള്‍ സര്‍വീസ് ഓപറേറ്റ് ചെയ്യുന്നത് മലപ്പുറം മുനിസിപ്പല്‍ ബസ്‌സ്റ്റാന്റ് കേന്ദ്രീകരിച്ചാകും. ഇവിടെ നഗരസഭ ഓഫിസ് സൗകര്യം നല്‍കും. നിലമ്പൂരില്‍ ഡീസല്‍ ബങ്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.  നിര്‍മാണം  18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് കെ.ടി.ഡി.എഫ്.സി ചീഫ് എന്‍ജിനീയര്‍ എസ്.ആര്‍.ജെ. നവകുമാര്‍ അറിയിച്ചു.

അന്തര്‍ദേശീയ നിലവാരത്തിലുള്ള ബസ് സ്‌റ്റേഷനും ഷോപ്പിങ് കോംപ്ലക്‌സും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങളാണൊരുക്കുക. 11 നിലകളിലായുള്ള ഷോപ്പിങ് കോംപ്ലക്‌സിന് 31.61 കോടി രൂപയാണ് ചെലവ്. ആഗസ്റ്റ് മാസത്തോടെ പ്രവൃത്തി തുടങ്ങാനാണ് ശ്രമം. യാത്രക്കാര്‍ക്ക് വിശ്രമം, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് എന്നിവക്ക് സൗകര്യമുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യവും ഗാരേജ്, ഓഫിസ്, വര്‍ക്ക്‌ഷോപ്പ് എന്നിവക്കായി മൂന്ന് നില കെട്ടിടവും ഒരുങ്ങും. സ്റ്റാര്‍ പദവിയിലുള്ള സൗകര്യങ്ങളോടെയാകും കോംപ്ലക്‌സിലെ ഹോട്ടല്‍ ഒരുക്കുക. 49 റൂമുകളും ഏഴ് സ്യൂട്ടുകളും അടങ്ങുന്നതായിരിക്കും ഹോട്ടല്‍.  സ്ഥലത്തിന്റെ കൈവശാവകാശം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.   

യോഗത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി. മുസ്തഫ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലീം കുരുവമ്പലം, വ്യവസായ മന്ത്രിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ ജി.പി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.