റെയില്‍വേ മേല്‍പാലം: വിദഗ്ധ സംഘം ഇന്ന് അങ്ങാടിപ്പുറത്തെത്തും

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഞായറാഴ്ച രാവിലെ 8.30ന് എത്തും. ദേശീയപാത വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുരേഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി. തോമസ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പ്രതിനിധികള്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.

സമിതി തയാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.

ഓരാടംപാലത്തുനിന്ന് മാനത്ത്മംഗലം ബൈപാസില്‍ എത്തിച്ചേരുന്ന സമാന്തര പാതയോട് കൂടിയ മേല്‍പാലം പദ്ധതിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ റെയില്‍വേയുടെ തടസ്സവാദം കാരണം പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ നിലവിലെ ലെവല്‍ ക്രോസില്‍തന്നെ മേല്‍പാലം പണിയാനാകുമോ എന്നതായിരിക്കും വിദഗ്ധ സംഘം പ്രധാനമായും പരിശോധിക്കുക.

അതേസമയം, ദേശീയ പാതാ വകുപ്പ് മുമ്പ് തയാറാക്കിയ മൂന്ന് പ്രൊപ്പോസലുകളും പൊടിപിടിച്ച് കിടക്കുകയാണ്. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച സങ്കീര്‍ണതകളാണ് കാരണം.

ബൈപ്പാസോടു കൂടിയ പദ്ധതിക്ക് സ്ഥലമേറ്റെടുക്കലിനും മറ്റുമായി 12 കോടിയും ലെവല്‍ക്രോസിലെ വികസനത്തിനായി 28 ലക്ഷവും സര്‍ക്കാര്‍ നീക്കിവെച്ചതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.