വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി മന്ത്രി കാക്കടവിലെത്തി

തിരൂര്‍: നഗരത്തിന്റെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി മന്ത്രി എ.പി. അനില്‍കുമാര്‍ കാക്കടവിലെത്തി. നഗരസഭയുടെയും സി. മ്മുട്ടി എം.എല്‍.എയുടെയും സ്വപ്‌നപദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. അര മണിക്കൂറോളം കാക്കടവില്‍ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്.

കാക്കടവ് കേന്ദ്രീകരിച്ച് തുടങ്ങാവുന്ന പദ്ധതികള്‍ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഏത് രീതിയിലുള്ള പദ്ധതിയാണ് അഭികാമ്യമെന്ന് നഗരസഭയും എം.എല്‍.എയും ചേര്‍ന്ന് തീരുമാനിച്ച് പദ്ധതികളാവിഷ്‌ക്കരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

പുഴ ഉപയേഗപ്പെടുത്തിയുള്ള വിനോദ സഞ്ചാര സാധ്യതകള്‍ പരിശോധിക്കാനും  സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാകുന്ന പദ്ധതികളാകും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

നഗരസഭയുടെ സ്വപ്‌ന നഗരി പദ്ധതിയുടെയും എം.എല്‍.എയുടെ ലേസര്‍ഷോ പദ്ധതിയുടെയും വിശദാംശങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. എം.എല്‍.എ സി. മമ്മുട്ടി, തിരൂര്‍ നഗരസഭാധ്യക്ഷ കെ. സഫിയ, നഗരസഭാ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, മുന്‍ നഗരസഭാ ഉപാധ്യക്ഷനും കെ.പി.സി.സി അംഗവുമായ വി. അബ്ദുറഹ്മാന്‍, നഗരസഭാ സെക്രട്ടറി പി. വിജയന്‍, കൗണ്‍സിലര്‍മാരായ കെ. അബൂബക്കര്‍, കോയക്കുട്ടി ഹാജി, പി.കെ.കെ. തങ്ങള്‍, കണ്ടാത്ത് മുഹമ്മദലി എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കാക്കടവില്‍ ഹൈദരാബാദ് മാതൃകയില്‍ ലേസര്‍ ഷോ ഒരുക്കുന്നതിന് എം.എല്‍.എ മുന്‍കൈയെടുത്ത് വിദഗ്ധ സംഘത്തെ കൊണ്ടുവന്ന് പഠനം നടത്തിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള സംഘം നാലു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.