പഴയങ്ങാടി: മാടായിപ്പാറയുടെ വികസനത്തിനും സംരക്ഷണത്തിനും ടി.വി. രാജേഷ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മാടായി ഗ്രാമ പഞ്ചായത്ത് വിളിച്ചു കൂട്ടിയ യോഗത്തില്‍ മാടായിപ്പാറയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം.
മാടായിപ്പാറയിലെ 350 ഏക്കര്‍ ഭൂമി ക്ഷേത്ര സ്വത്താണെന്നും ഇവിടെ ഒരു വിധ വികസന പദ്ധതിയും അനുവദിക്കില്ലെന്നും ബി.ജെ.പി പ്രതിനിധി ഏ.കെ.ഗോവിന്ദന്‍ പറഞ്ഞു. മാടായിപ്പാറയില്‍ അവശേഷിക്കുന്ന സ്ഥലം ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ആ സ്ഥലങ്ങളുള്‍പ്പെടുന്ന മേഖലയിലെ ഏതുതരം വികസനത്തിനും ദേവസ്വമാണ് അനുമതി നല്‍കേണ്ടതെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി.മോഹനനും അഭിപ്രായപ്പെട്ടു. എന്നാല്‍, സ്ഥലം ഒരു പ്രത്യേക മത വിഭാഗത്തിനും അവകാശപ്പെട്ടതല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എമ്മിലെ വി.വിനോദ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ തച്ചന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചൈനാ ക്ലേ കമ്പനി അടച്ചു പൂട്ടാതെ നടത്തുന്ന മാടായിപ്പാറ സംരക്ഷണം വ്യായാമം മാത്രമാകുമെന്ന് കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് ജോലി സംരക്ഷണം നല്‍കി കമ്പനി അടച്ചു പൂട്ടുന്നതിന് തങ്ങള്‍ എതിരല്ലെന്ന് സി.പി.എം വ്യക്തമാക്കി.
മലപ്പുറത്തെ കോട്ടക്കുന്നു മാതൃകയില്‍ മാടായിപ്പാറയെ മാറ്റാനുള്ള പ്രവണത അനുവദിക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനുമായ ഡോ.ജാഫര്‍ പാലോട്ട് പറഞ്ഞു. മാടായിപ്പാറ തനതായ രീതിയില്‍ സംരക്ഷിക്കാനും സ്ഥലം മലിനീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ നിയോഗിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനും ധാരണയായി.
ഭാസ്‌ക്കരന്‍ വെള്ളൂര്‍, പി.വി.അബ്ദുല്ല, ഭാസ്‌ക്കരന്‍ മാസ്റ്റര്‍, സജീവന്‍, എം.പി കുഞ്ഞിക്കാദിരി എന്നിവര്‍ സംസാരിച്ചു. ഏ.പി. ബദ്‌റുദ്ദീന്‍ സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍