ഗോത്ര സര്‍വകലാശാല: കാസര്‍കോടിന്റെ അയിത്തം ആറളത്തിനു നേട്ടമാവുന്നു

കണ്ണൂര്‍: ഗോത്ര സര്‍വകലാശാലയോട് കാസര്‍കോട് ജില്ലയുടെ അയിത്ത മനോഭാവം ആറളത്തിനു നേട്ടമാവുന്നു. ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആക്ടി (2007)ന്റെ ഭാഗമായുള്ള സര്‍വകലാശാല മേഖലാ കേന്ദ്രമാണ് ആറളത്ത് സ്ഥാപിക്കുന്നത്.

കേന്ദ്ര സര്‍വകലാശാല സ്ഥാപിതമായതിനു പിന്നാലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി മേഖലാകേന്ദ്രം കാസര്‍കോട് ജില്ലയില്‍ തുടങ്ങാനുള്ള സന്നദ്ധത യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ബേള, ബദിയടുക്ക വില്ലേജുകളിലായി 300 ഏക്കര്‍ ലഭ്യമാണെന്ന് റവന്യൂ അധികൃതര്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കി. പ്രാക്തന ഗോത്രവര്‍ഗമായ കൊറഗര്‍ ഉള്‍പ്പെടെയുള്ള ആദിവാസി മേഖലയാണ് കണ്ടെത്തിയത്. എന്നാല്‍, സര്‍വകലാശാലക്കായി ശ്രമങ്ങള്‍ ഒരുഭാഗത്തുനിന്നും ഉണ്ടായില്ല. പകരം റവന്യൂഭൂമി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പല പേരുകളില്‍ പതിച്ചുനല്‍കുന്ന പ്രക്രിയയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നാളുകളില്‍ കാസര്‍കോട്ട് നടന്നത്. പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, മറ്റു ജില്ലക്കാരായ നേതാക്കളുടെ ബന്ധുക്കള്‍ എന്നിവര്‍ ഭൂമി കൈക്കലാക്കാന്‍ മത്സരിക്കുന്നതിനിടെ ഗോത്ര സര്‍വകലാശാലയുടെ കാര്യമൊക്കെ എല്ലാവരും മറന്നു.

കേരളത്തിനു ഗോത്രസര്‍വകലാശാല നഷ്ടമാവരുതെന്ന് താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ ഏറ്റവും ഉചിതമായ സ്ഥലം എന്ന നിലയില്‍ ആറളം കണ്ടെത്തി. ആറളം വില്ലേജില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ നിശ്ചയിച്ച ഭൂമിയില്‍ 300 ഏക്കര്‍ അനുയോജ്യമാണെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

മധ്യപ്രദേശിലെ അമര്‍കന്തക്കിലാണ് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനം. ഗോത്രവര്‍ഗത്തിന് ഉന്നത വിദ്യാഭ്യാസവും ഗവേഷണ സൗകര്യവും ഒരുക്കുകയാണ് സര്‍വകലാശാലയുടെ പ്രാഥമിക ദൗത്യം. ഗോത്ര സംസ്‌കൃതി, കല, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ, ചികിത്സാ രീതികള്‍, വനവിഭവം തുടങ്ങി ഗോത്രപൈതൃക സംരക്ഷണവും വികസനവും സര്‍വകലാശാലാ ലക്ഷ്യമാണ്.

ഓരോ മേഖലാ കേന്ദ്രത്തിന്റെയും കീഴില്‍ ഒന്നില്‍ കുറയാത്ത മാതൃകാ വിദ്യാലയങ്ങള്‍ സ്ഥാപിക്കും. ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, ഡയറക്ടര്‍, വിവിധ ഫാക്കല്‍റ്റികളുടെ ഡീന്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍, പരീക്ഷാ കണ്‍ട്രോളര്‍, ലൈബ്രേറിയന്‍, അനുബന്ധ ഉദ്യോഗസ്ഥര്‍, കോടതി, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, കോളജ് വികസന കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി എന്നിങ്ങനെയാണ് ഭരണ-അക്കാദമിക് തല സംവിധാനങ്ങള്‍.

കോടതിക്ക് സവിശേഷ ഘടനയാണുണ്ടാവുക. പട്ടികവര്‍ഗ മേഖലയില്‍നിന്നുള്ള അംഗങ്ങള്‍ക്കാവും ഈ സംവിധാനത്തില്‍ പ്രാമുഖ്യം. സര്‍വകലാശാലയിലെ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവയുടെ പ്രതിനിധികളുമുണ്ടാവും. സര്‍വകലാശാലയുടെ നയപരിപാടികള്‍ യഥാസമയം അവലോകനം ചെയ്യുക, പുരോഗതിക്കും വളര്‍ച്ചക്കും ഉതകുന്ന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, വാര്‍ഷിക വരവു ചെലവ് കണക്കും റിപ്പോര്‍ട്ടും അംഗീകരിക്കുക, മറ്റു കാര്യങ്ങള്‍ ചാന്‍സലറുടെ ശ്രദ്ധയില്‍പെടുത്തുക തുടങ്ങിയവയാണ് കോടതിയുടെ ചുമതല.

കോളജ് വികസന കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി തുടങ്ങിയ തലങ്ങളിലെല്ലാം ആദിവാസി പ്രാതിനിധ്യം നിശ്ചിത തോതില്‍ ഉറപ്പുവരുത്തും.

പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സംവിധാനം. എന്നാല്‍, പ്രവേശം മറ്റു വിഭാഗങ്ങള്‍ക്കും ലഭിക്കും. നിയമനങ്ങളിലും ഇതാണ് മാനദണ്ഡം. വിദൂരപഠന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഒഴികെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും. ആറളത്ത് ഗോത്ര സര്‍വകലാശാലാ കേന്ദ്രം സ്ഥാപിക്കുന്നത് കണ്ണൂര്‍, വയനാട് ജില്ലകളിലെ ആദിവാസികള്‍ക്കാവും ഏറെ പ്രയോജനം ചെയ്യുക.

സര്‍വകലാശാല കണ്ണൂര്‍ ജില്ലയ്ക്ക് കൈവിട്ടുപോകാതിരിക്കാന്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ഏകോപിത നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസി ഊരുകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.