നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കണം -സോളിഡാരിറ്റി

കാസര്‍കോട്: ഒരാള്‍ക്ക് താഴെ കണ്ണിചേര്‍ത്ത് മാര്‍ക്കറ്റിങ് പ്ലാന്‍ സ്വീകരിക്കുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളെ അടിയന്തരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഷഫീഖ് നസറുല്ല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിരമിഡ് മാതൃകയിലുള്ള എല്ലാ നിക്ഷേപ സംവിധാനങ്ങളും വഞ്ചനയാണ്. ഇത്തരത്തില്‍ ജില്ലയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഓരോ പ്രദേശത്തും 10 പേര്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിച്ച് അവര്‍ ഓരോരുത്തരും 10 പേരെ വീതം കണ്ണിചേര്‍ത്താണ് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കണ്ണികളായവരില്‍നിന്ന് 15,000 മുതല്‍ 21,000 രൂപ വരെയാണ് ഈടാക്കിയത്. എന്നാല്‍, തുടക്കത്തില്‍ നല്‍കിയ തുച്ഛസംഖ്യയല്ലാതെ ലാഭമായി മറ്റൊന്നും ലഭിച്ചില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

ബദിയഡുക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സൂപ്പര്‍ മാര്‍ക്കറ്റുകളുടെ തട്ടിപ്പിനിരയായവര്‍ കാസര്‍കോട് പൊലീസ് ചീഫ് ടി. ശ്രീശുകന്  പരാതി നല്‍കിയിട്ടുണ്ട്.

നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളുടെ ക്ലാസുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാത്തപക്ഷം സോളിഡാരിറ്റി ക്ലാസുകള്‍ തടസ്സപ്പെടുത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്ല, സെക്രട്ടറിമാരായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, എന്‍.എം. റിയാസ്, തട്ടിപ്പിനിരയായ എം.എ. ഹസൈനാര്‍, പി.കെ. അശ്‌റഫ്, അബ്ദുല്‍ അസീസ്, എ. ഗസ്സാലി, എ.എസ്. റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.