ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഇടതുമുന്നണി ആഹ്വാനം

കല്‍പറ്റ: ബജറ്റില്‍ വയനാടിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെ ജില്ലയില്‍  നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലില്‍ വാഹനഗതാഗതം സ്തംഭിക്കും. കടകള്‍ അടച്ചിടും.

ജില്ലയുടെ പ്രതിഷേധം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാനാണ് ഹര്‍ത്താല്‍. സര്‍ക്കാറിന്റെ പ്രഥമ ബജറ്റിനെ കുറിച്ച് യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് തന്നെ പ്രതിഷേധമുണ്ട്. ജില്ലയുടെ പൊതുആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരും മുന്നോട്ടുവരണം. ഇതിനായി എല്‍.ഡി.എഫ് എല്ലാ കക്ഷികളുടെയും യോഗം വിളിക്കും.

ബജറ്റില്‍ ജില്ലയെ പൂര്‍ണമായി അവഗണിച്ചിട്ടും ജില്ലയില്‍നിന്നുള്ള മന്ത്രിയും എം.എല്‍.എമാരും പ്രതിഷേധിച്ചില്ല. മറ്റു ജില്ലകളിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിഷേധിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആദിവാസി പ്രശ്‌നങ്ങള്‍ പോലും അവഗണിച്ചപ്പോള്‍ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി മിണ്ടിയില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ആരോഗ്യരംഗത്ത് ശ്രീചിത്തിര സെന്ററിനായി രണ്ടുകോടി നീക്കിവെച്ചതു മാത്രമാണ് നേട്ടമായി അവകാശപ്പെടുന്നത്. എന്നാല്‍ 15 കോടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രീചിത്തിരക്ക് വേണ്ടി സ്ഥലം കണ്ടെത്തി അധികൃതരെ അറിയിച്ചിരുന്നു. 200 ഏക്കര്‍ വേണമെന്ന് അന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 50 ഏക്കര്‍ മതിയെന്നാണ് പറയുന്നത്. നാല് പുതിയ മെഡിക്കല്‍ കോളജുകളില്‍ ഒന്നുപോലും വയനാട്ടില്‍ പ്രഖ്യാപിച്ചില്ല. വന്‍കിട സ്വകാര്യ ആശുപത്രികള്‍ ജില്ലയില്‍ സ്ഥാപിച്ച് കച്ചവടതാല്‍പര്യം സംരക്ഷിക്കാനാണിത്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വന്നാല്‍ ആദിവാസികളടക്കമുള്ള പാവപ്പെട്ടവര്‍ക്ക് വലിയ പ്രയോജനമുണ്ടാവില്ല.

ആദിവാസി ക്ഷേമത്തിനുവേണ്ടി ജില്ലയില്‍നിന്നുള്ള മന്ത്രിയുണ്ടായപ്പോള്‍ വയനാടിന്റെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കിട്ടും എന്ന് കരുതിയത് അസ്ഥാനത്തായി. പാലക്കാട്ടെ അഹാഡ്‌സ് മാതൃകയില്‍ പ്രഖ്യാപിച്ച പദ്ധതിയെ കുറിച്ച് പുതിയ ബജറ്റില്‍ ഒന്നും പറയുന്നില്ല. തലക്കല്‍ ചന്തു അമ്പെയ്ത്ത് കേന്ദ്രത്തിന് കഴിഞ്ഞ സര്‍ക്കാര്‍ പത്തുലക്ഷം രൂപ നീക്കിവെച്ചിരുന്നു. അംബേദ്കര്‍ ഗ്രീന്‍ ആര്‍മി, ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കാന്‍ അനുവദിച്ച 50 കോടി എന്നിവയും ഇല്ലാതായി. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.

കാരാപ്പുഴ പദ്ധതി ഭാഗികമായെങ്കിലും കമീഷന്‍ ചെയ്തത് കഴിഞ്ഞ സര്‍ക്കാറാണ്. അതിന്റെ തുടര്‍ പ്രവര്‍ത്തിനത്തിനുവേണ്ടി പത്തുകോടി രൂപ എല്‍.ഡി.എഫ് നീക്കിവെച്ചിരുന്നു. ബാണാസുര സാഗര്‍ പദ്ധതിക്ക് 32.5 കോടിയും നീക്കിവെച്ചു. ഇവയും പുതിയ ബജറ്റില്‍ ഇല്ല. മീനങ്ങാടി മിനി സ്‌റ്റേഡിയം നവീകരണവും അപ്രത്യക്ഷമായി.

വന്യമൃഗശല്യംമൂലം ദിനേന ജില്ല പൊറുതിമുട്ടുമ്പോള്‍ ആ മേഖലയിലും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച ജില്ലക്കുള്ള സര്‍ക്കാറിന്റെ സമ്മാനമാണ് ബജറ്റെന്ന് എല്‍.ഡി.എഫ് പരിഹസിച്ചുകേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 21ന് സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, മാനന്തവാടി മേഖലകളില്‍ പിക്കറ്റിങ് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

കണ്‍വീനര്‍ കെ.വി. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, സി.എം. ശിവരാമന്‍, പി.കെ. ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.