പുല്‍പള്ളി: പുല്‍പള്ളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്‌കരണ കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. പുല്‍പള്ളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ബഹളമയം. ചില ട്രേഡ് യൂനിയന്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് പോര്‍വിളി ഉയര്‍ത്തി. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന ട്രാഫിക് പരിഷ്‌കാരം ഡ്രൈവര്‍മാരില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശനിയാഴ്ച വ്യാപാരി സംഘടന, ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി വീണ്ടും വിളിച്ചു ചേര്‍ത്തത്. യോഗം ആരംഭിച്ചതുമുതല്‍ ബഹളമായിരുന്നു.
ട്രാഫിക് പരിഷ്‌കാരം അശാസ്ത്രീയമാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിക്കുന്നത് ചിലര്‍ തടസ്സപ്പെടുത്തി. നീണ്ടനേരം വാഗ്വാദങ്ങള്‍ തുടര്‍ന്നു. ഇടക്ക് ഉന്തും തള്ളും വരെയുണ്ടായി. ഐ.എന്‍.ടി.യു.സിക്കാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ബഹളമുണ്ടാക്കി. ഒടുവില്‍ മുമ്പ് തീരുമാനിച്ച പ്രകാരം തന്നെ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരന്‍ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറുടെ അംഗീകാരത്തോടെ വരും ദിവസങ്ങളില്‍ ട്രാഫിക് പരിഷ്‌കരിക്കുമെന്നും ട്രാഫിക് പരിഷ്‌കരണത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍