ബസുകള്‍ വഴിയില്‍ തടഞ്ഞ് പരിശോധന നടത്തരുത് -ഡി.ജി.പി

കോഴിക്കോട്: സ്വകാര്യ ബസുകള്‍ വഴിയില്‍ തടഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പരിശോധന നടത്തരുതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നേതൃത്വത്തില്‍ പി.വി സ്വാമി ഹാളില്‍ സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാന്‍ഡില്‍നിന്ന് മാത്രമേ ബസുകളുടെ പരിശോധന നടത്താവൂ. കൂടുതല്‍ വാഹനങ്ങള്‍ ഒരുമിച്ച് തടഞ്ഞുവെച്ച് പരിശോധിക്കുന്ന രീതി നിയമവിരുദ്ധമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പൊലീസിന് ഏറെ സഹായകമാവുന്നുണ്ട്. വ്യാപാരികളും മറ്റും കടകള്‍ക്കുള്ളിലും പുറത്തും ഇത്തരത്തിലുള്ള കാമറകള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാവും.

ഐ.പി കാമറകള്‍  സ്ഥാപിക്കുന്നപക്ഷം ലോകത്തെവിടെയിരുന്നും കാമറ ദൃശ്യങ്ങള്‍ കമ്പ്യൂട്ടറില്‍ കാണാം. ജനമൈത്രി, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും. പ്രസിഡന്റ് അഡ്വ. പി.ജി. അനൂപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്‌പര്‍ജന്‍ കുമാര്‍, എം.പി.എം. മുബഷീര്‍, എ. ശ്യാം സുന്ദര്‍, കെ.പി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.