അഞ്ചു വര്‍ഷത്തിനിടെ ഖത്തര്‍ 25 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി

അഞ്ചു വര്‍ഷത്തിനിടെ ഖത്തര്‍ 25  ശതമാനം സാമ്പത്തിക വളര്‍ച്ച നേടി

ദോഹ: കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ക്രമപ്രവൃദ്ധമായ മുന്നേറ്റം ഉണ്ടായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. 2005/2009 കാലയളവില്‍ ഖത്തറിന്റെ മൊത്തം ഉല്‍പാദനത്തില്‍ (നോമിനല്‍ വാല്യു പ്രകാരം) 25.2 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എന്നാല്‍, യഥാര്‍ഥ മൂല്യം (റിയല്‍ വാല്യു) പ്രകാരം 16.2 ശതമാനമാണ് വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ രേഖകള്‍ വ്യക്തമാക്കുന്നു.

2005ല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 16209 കോടി റിയാലും 2006ല്‍ 22161 കോടി റിയാലും 2007ല്‍ 29015 കോടി റിയാലും 2008ല്‍ 41958 കോടി റിയാലും 2009ല്‍ 35598 കോടി റിയാലുമായിരുന്നു. 2007നെ അപേക്ഷിച്ച് നോമിനല്‍ വാല്യു പ്രകാരം 44.6 ശതമാനവും റിയല്‍ വാല്യു പ്രകാരം 17.7 ശതമാനവും വളര്‍ച്ചയാണ് 2008ല്‍ നേടിയത്.

എണ്ണ, പ്രകൃതി വാതക മേഖലയില്‍ 13 ശതമാനവും മറ്റ് സാമ്പത്തിക മേഖലകളില്‍ 21.4 ശതമാനവും വളര്‍ച്ചയാണ് ആ വര്‍ഷം ഖത്തര്‍ സ്വന്തമാക്കിയത്. 2008നെ അപേക്ഷിച്ച് 2009ല്‍, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി, നോമിനല്‍വാല്യു പ്രകാരം ജി.ഡി.പി 11.4 ശതമാനം കുറഞ്ഞെങ്കിലും റിയല്‍വാല്യു പ്രകാരം 12 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

നാവിക ഗതാഗതം, വ്യോമയാനം, ടെലികമ്യൂണിക്കേഷന്‍സ്, റിയല്‍എസ്‌റ്റേറ്റ്, ധനകാര്യം, ബിസിനസ് സേവനങ്ങള്‍ എന്നിവയാണ് 2008ലും 2009ലും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച മറ്റു മേഖലകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.