മധ്യാഹ്‌ന വിശ്രമ നിയമം ഫലപ്രദമാകുന്നില്ലെന്ന്

ദോഹ: കടുത്ത ചൂടില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്‌ന വിശ്രമം നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിയന്ത്രണങ്ങള്‍ പലകമ്പനികളും കൃത്യമായി പാലിക്കുന്നില്ലെന്ന് പരാതി. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11.30നും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഇടയില്‍ തൊഴിലാളികളെക്കൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കരുതെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, നിര്‍ദേശം നടപ്പാക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പല കമ്പനികളും ഇതിനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നത്. അതേസമയം, നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാവിലെ ജോലിക്ക് നിയോഗിക്കുന്ന തൊഴിലാളികളെ 11.30ന് താമസസ്ഥലത്തേക്ക് കൊണ്ടുവരുന്നതും തിരിച്ച് 3.30ന് ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുുന്നതും പ്രായോഗികമല്ലെന്നാണ് കമ്പനികള്‍ പറയുന്നത്. പല കമ്പനികളും തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് ഏറെ ദൂരെയാണ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് തൊഴില്‍ സ്ഥലത്ത് മധ്യാഹ്‌നവിശ്രമത്തിനായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കമ്പനികളുടെ ഇത്തരം നിലപാട് മൂലം നിയമം ഇനിയും ഫലപ്രദമായി നടപ്പാകാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ തന്നെ പരാതിപ്പെടുന്നു.

എന്നാല്‍, മധ്യാഹ്‌വിശ്രമനിയമം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊഴില്‍ സ്ഥലങ്ങളില്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ മിന്നല്‍ പരിശോധനകളും നടത്തുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനികളെക്കുറിച്ച് എല്ലാ ദിവസവും തൊഴില്‍ മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കടുത്ത ചൂട് മൂലം തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 നിയമലംഘനം നിസ്സാരമായി കാണില്ലെന്നും ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച പല കമ്പനികളെയും പിടികൂടിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.