ദോഹ: രാജ്യത്തിന്റെ വികസനം സമൂഹത്തിന്റെ മൊത്തം ലാഭനഷ്ടങ്ങള്‍ കണക്കാക്കിയാകണമെന്നും ജീവന്റെ നിലനില്‍പ്പിനാവശ്യമായ വായു, വെള്ളം തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ കമ്പോളവത്കരിക്കപ്പെടുന്ന വികസന നയം നിലനില്‍പ്പിന് ഭീഷണിയാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. 'പരിസ്ഥിതി സംരക്ഷണം ഭാവിയുടെ സുരക്ഷയ്ക്ക്' എന്ന പ്രമേയത്തില്‍ ഫോകസ് ഖത്തര്‍ ഒരു മാസമായി സംഘടിപ്പിച്ചു വന്ന ഇക്കോഫോകസ് കാമ്പയിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുപ്രീം ആരോഗ്യ കൗണ്‍സില്‍ ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുജനാരോഗ്യ വിഭാഗം ആക്ടിംഗ് ഡയറക്ടറും കമ്യൂണിക്കബിള്‍ ഡിസീസ് വകുപ്പ് തലവനുമായ ഡോ. മുഹമ്മദ് അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജോലിയില്ലാതായ രാസായുധ നിര്‍മാണ കമ്പനികളാണ് കീടനാശിനികളുടെ മാര്‍ക്കറ്റിങ്ങിന് പിന്നിലെന്ന് നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. മണ്ണും വായുവും ജലവും മലിനമാക്കിയെന്നല്ലാതെ ലോകത്തിന്റെ പട്ടിണി മാറ്റാന്‍ അവ കൊണ്ട് സാധിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഖത്തറും അതിന്റെ പ്രതിനിധികളും അഭിനന്ദനമര്‍ഹിക്കുന്നു. പരിസ്ഥിതി സൗഹൃദ ജീവനത്തിന്റെ ലക്ഷ്യം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക, സാംസ്‌കാരിക പരിരക്ഷയായിരിക്കണമെന്നും നീലകണ്ഠന്‍ പറഞ്ഞു.
നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ മുനീര്‍ മങ്കട 'പരിസ്ഥിതി സൗഹൃദ ജീവനത്തിന്റെ ആത്മീയ മാനം' എന്ന വിഷയത്തില്‍ സംസാരിച്ചു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ മുഖ്യാതിഥി ആയിരുന്നു. സ്റ്റോക്ക്‌ഹോം പരിസ്ഥിതി കണ്‍വെന്‍ഷനിലെ ഖത്തര്‍ പ്രതിനിധി ഗമാല്‍ അലോസി, ഐ.സി.സി പ്രസിഡന്റ് കെ.എം.വര്‍ഗീസ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം എന്നിവര്‍ സംസാരിച്ചു.
കാമ്പയിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ഫോകസ് ഖത്തര്‍ ഉപദേശക സമിതിയംഗങ്ങളായ ഡോ. ബിജു ഗഫൂര്‍, നസീര്‍ പാനൂര്‍, മശ്ഹൂദ് തിരുത്തിയാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച പരസ്ഥിതി സൗഹൃദ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മല്‍സരത്തില്‍ ഫായിസ് അലി വിജയിയായി. സമ്മാനമായി കേരളത്തിലേക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റ് നീലകണ്ഠന്‍ കൈമാറി. ഫോകസ് ഖത്തര്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ അധ്യക്ഷനായിരുന്നു. താജുദ്ദീന്‍ എം.വി. സ്വാഗതവും ഫാരിസ് നന്ദിയും പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍