പി.ടി.എ പ്രസിഡന്റ് യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ  അനുമോദിക്കുന്ന ചടങ്ങിനിടെ പി.ടി.എ പ്രസിഡന്റ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അനുമോദിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന മകള്‍ ഭാര്യയോടൊപ്പം സദസ്സില്‍ ഇരിക്കുമ്പോഴാണ് സംഭവം.

നഗരത്തിലെ മണപ്പുള്ളിക്കാവ് മച്ചാട് തറവാട്ടിലെ പരേതനായ ഡോ. പി.എം.കെ. മേനോന്റെ മകന്‍ മരുതറോഡ് എരട്ടയാലില്‍ ഗീതം നിവാസില്‍ ജഗ്‌മോഹന്‍ കെ. മേനോനാണ് (47) മരിച്ചത്. അഭിനേതാവ് കൂടിയായ ജഗ്‌മോഹന്‍ പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റാണ്.

ശനിയാഴ്ച രാവിലെ 11ന് സ്‌കൂളിലെ  റോട്ടറി മോയന്‍ ഹാളിലെ വേദിയില്‍ ജനപ്രതിനിധികളടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സംഭവം. മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സ്വാഗതം പറഞ്ഞത് ജഗ്‌മോഹനാണ്. അധ്യക്ഷനായ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രസംഗത്തിന് ശേഷം എം.ബി.രാജേഷ് എം.പി ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴാണ്  ജഗ്‌മോഹന്‍ കുഴഞ്ഞുവീണത്. കസേരയില്‍ നിന്ന് താഴെവീണ ഉടന്‍ ഇദ്ദേഹത്തെ എം.ബി.രാജേഷ് എം.പിയുടെ കാറില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തെ തുടര്‍ന്ന് വിജയോത്സവ ചടങ്ങ് നിര്‍ത്തിവെച്ചു.

എലപ്പുള്ളി ആലങ്ങാട് തറവാട്ടിലെ ഗീതയാണ് ജഗ്‌മോഹന്റെ ഭാര്യ. ഈ വര്‍ഷം പ്ലസ്ടു പാസായ ബാലകൃഷ്ണ മേനോനും ജിത മേനോനുമാണ് മക്കള്‍. ഇവര്‍ ഇരട്ടക്കുട്ടികളാണ്. ദേശീയ ലോങ് ടെന്നീസ്  ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ആറ് വര്‍ഷം കേരള ടീമിനെ പ്രതിനിധീകരിച്ച ജിതയേയും ശനിയാഴ്ചയിലെ ചടങ്ങില്‍ അനുമോദിക്കാന്‍ തീരുമാനിച്ചിരുന്നു. ബെസ്റ്റ് എക്‌സലന്റ്‌സ് ഇന്‍ സ്‌പോര്‍ട്‌സ് പുരസ്‌കാരമാണ് ജിതക്ക് നല്‍കാനിരുന്നത്. ഇത് ഏറ്റുവാങ്ങുന്നതിന് അമ്മ ഗീതയോടൊപ്പം എത്തിയ ജിത സദസ്സില്‍ മുന്‍നിരയിലുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.