കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ തൊഴിലാളികള്‍ 23ന് പണിമുടക്കും

കോഴിക്കോട്: വേതന വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ വിവിധ കരാര്‍ തൊഴിലാളികള്‍ ജൂലൈ 23ന് പണിമുടക്കും. എയര്‍ലൈന്‍ കമ്പനികളും എയര്‍പോര്‍ട്ട് അതോറിറ്റിയും തൊഴിലാളികളോട് നടത്തുന്ന വഞ്ചനയാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് തൊഴിലാളികളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു.

ഫൈ്‌ളറ്റ് ക്ലീനിങ്,ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ്,ഹെല്‍പര്‍, ഡ്രൈവര്‍,ക്ലീനിങ് തുടങ്ങിയ ജോലികളിലായി 600ഓളം കരാര്‍ തൊഴിലാളികള്‍ കരിപ്പൂരില്‍ ജോലിചെയ്യുന്നുണ്ട്. അഞ്ചുമുതല്‍24 വര്‍ഷം വരെയായി ജോലി ചെയ്യുന്ന ഇവര്‍ക്ക് 132രൂപയാണ് പ്രതിദിന വേതനം. ചര്‍ച്ചകളുടെ ഫലമായി കൂലി 205 രൂപയാക്കാന്‍ ധാരണയുമുണ്ടായി.

എന്നാല്‍, ഒരാഴ്ചമുമ്പ് കരാറില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറിയ സാഹചര്യത്തിലാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍, എസ്.ടി.യുവൈസ് പ്രസിഡന്റ് അഡ്വ. പി.ഇ.മൂസ, ഐ.എന്‍.ടി.യു.സി നേതാവ് മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.