കോഴിക്കോട് : കേരളത്തിലെ ഏതാനും ഉന്നതവ്യക്തികള്‍ മഹാരാഷ്ട്രയില്‍ നടത്തിയ പതിനായിരം ഏക്കര്‍ ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചില രാഷ്ട്രീയക്കാരും എന്‍ .ആര്‍ .ഐ വ്യവസായിയും ഒരു സൂപ്പര്‍താരവുമാണ് ഭൂമി ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും താനെടുത്ത 300 ഏക്കര്‍ ഭൂമിയും ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കേസില്‍ കുടുക്കി തന്നെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന വനംമന്ത്രി മഹാരാഷ്ട്ര വനംമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇവരെല്ലാവരും കൂടി ചേര്‍ന്നാണ് ഭൂമി ഇടപാട് നടത്തുന്നത്. ഇടപാട് സംബന്ധിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കും. സൂപ്പര്‍താരം, എന്‍ .ആര്‍ .ഐ ബിസിനസുകാരന്‍ എന്നിവരുടെ പേരുകള്‍ ആവശ്യമുണ്ടെങ്കില്‍ പിന്നീട് വെളിപ്പെടുത്തും- റഊഫ് പറഞ്ഞു.
ഐസ്‌ക്രീം കേസില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ആരുടെ സമ്മര്‍ദ്ദമുണ്ടായാലും ഉമ്മന്‍ചാണ്ടി കേസുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



നിങ്ങളുടെ അഭിപ്രായങ്ങള്‍