പത്തനാപുരത്ത് 5.3 കോടിയുടെ പദ്ധതി

പത്തനാപുരം: പത്തനാപുരം ഗ്രാമപഞ്ചായത്തിന് 5.30 കോടി രൂപയുടെ  പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പച്ചക്കറി ഗ്രാമം പദ്ധതി, പശ്ചാത്തലമേഖല എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് വാര്‍ഷികപദ്ധതി തയാറാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. പശ്ചാത്തലമേഖലയില്‍ 55.64 ലക്ഷം, വനിതാക്ഷേമം 43.35 ലക്ഷം, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്യുന്നതിന് ഒരുലക്ഷം, വനിതാ ശിങ്കാരിമേളം പരിശീലനത്തിനായി മൂന്നുലക്ഷം രൂപ എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച പ്രധാന പദ്ധതികള്‍. കൂടാതെ മുന്‍ ഭരണസമിതിയുടെ കാലത്ത് പദ്ധതി തയാറാക്കുകയും ഭരണാനുമതി ലഭിക്കാത്തതുമായ 67 ലക്ഷം രൂപയുടെ പശ്ചാത്തലമേഖലയിലെ പദ്ധതികള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചു.

പച്ചക്കറിവിളകളെ പ്രോല്‍സാഹിപ്പിച്ച് ഗ്രാമപഞ്ചായത്തിനെ പച്ചക്കറിഗ്രാമമായി പ്രഖ്യാപിക്കുന്ന പദ്ധതിക്കും ഭരണാനുമതി ലഭിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പച്ചക്കറിവിത്തുകളും വളവുമെത്തിക്കുകയാണ്  ലക്ഷ്യമിടുന്നത്. മുട്ടക്കോഴി വളര്‍ത്തലിന് അഞ്ച് ലക്ഷം രൂപ, പാല്‍ ഉല്‍പാദനത്തിനും കന്നുകുട്ടിപരിപാലനത്തിനുമായി 7.10 ലക്ഷം രൂപയുടെ പദ്ധതി എന്നിവക്കും ഭരണാനുമതി ലഭിച്ചു. ഭരണസമിതി അംഗങ്ങളായ ഫാത്തിമാഖാന്‍, എം. ജിയാസുദ്ദീന്‍, കെ. ദിലീപ്കുമാര്‍, എ.ബി അന്‍സര്‍, രത്‌നമ്മ, ബിജി മധുസൂദനന്‍, സരളമ്മ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.