തിരുവനന്തപുരം: നിയമസഭയിലേക്കുള്ള തന്റെ ആദ്യ മല്‍സരത്തില്‍ പ്രചാരണത്തിന് ആകെ ചെലവായത് വെറും 22,200 രൂപയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദ്യാര്‍ഥി ആയിരുന്നപ്പോഴാണ് മല്‍സരരംഗത്തിറങ്ങിയത്. പാര്‍ട്ടി അന്ന് ചെലവിനായി 25,000 രൂപ തന്നു. സംഭാവനയായി കിട്ടിയത് 1200 രൂപയും. എന്നാല്‍ അത്രയും തുക ചെലവായില്ല. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെകുറിച്ച് നയതന്ത്രജ്ഞനായിരുന്ന ടി.പി. ശ്രീനിവാസന്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പ് ചെലവിനെ കുറിച്ചാണ് വലിയ ചര്‍ച്ച നടക്കുന്നത്. ചെലവ്, അതിന്റെ രീതി, കമീഷന്റെ നിയന്ത്രണം എന്നിവയൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. ആദ്യ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്ന പണം ബാക്കിയുണ്ടെന്നും മടക്കിനല്‍കുകയാണെന്നും അന്നത്തെ കെ.പി.സി.സി പ്രസിഡന്റിനോട് താന്‍ പറഞ്ഞു. അത് തിരിച്ചു നല്‍കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പട്‌നയില്‍ നടന്ന എ.ഐ.സി.സി യോഗത്തില്‍ വിമാനത്തില്‍ പോകാന്‍ ഈ പണം ഉപയോഗിക്കാമെന്നാണ് തീരുമാനിച്ചത്. പട്‌നയില്‍ പോയി തിരിച്ചു വന്നിട്ടും പണം ബാക്കിയായെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
'മാറ്ററിങ് ടു ഇന്ത്യ: ശശിതരൂര്‍ കാമ്പയിന്‍' എന്ന ഗ്രന്ഥം കേന്ദ്രമന്ത്രി വയലാര്‍ രവി ഏറ്റുവാങ്ങി. ആദ്യമായാണ് തന്നെ കേന്ദ്രീകരിച്ച് ഒരു പുസ്തകമെന്ന് ശശി തരൂര്‍ പറഞ്ഞു. വലിയ അനുഭവമായിരുന്നു തെരഞ്ഞെടുപ്പ്. എതിര്‍സ്ഥാനാര്‍ഥികള്‍ തന്നെ വ്യക്തിപരമായി എടുത്ത് പ്രചാരണം നടത്തി. തന്റെ വേഷം, ഭാഷ, എ.സി മുറിയില്‍ കഴിയുന്നു,
നാട്ടിലെ വികസനത്തെ കുറിച്ച് കാഴ്ചപ്പാടില്ല എന്നൊക്കെ പറഞ്ഞു. മുണ്ടുടുത്ത്തന്നെയാണ് താന്‍ പ്രചാരണത്തിന് പോയത്. അറിയാവുന്ന മലയാളം പറഞ്ഞു. ദല്‍ഹിയിലും പാര്‍ലമെന്റിലും ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ കാര്യങ്ങള്‍ അവതരിപ്പിക്കാനാകുമെന്ന് താന്‍ ജനങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയാകും പ്രചാരണം തീരാന്‍. മൈക്കില്ലാതെ പ്രസംഗിക്കും -തരൂര്‍ പറഞ്ഞു. കമഡോര്‍ എസ്. ശേഖര്‍, പിയേര്‍സണ്‍ എജുക്കേഷനിലെ ജോസഫ് ട്രൈബിള്‍, ടി.പി. ശ്രീനിവാസന്‍, എസ്. രാജീവ്, എം. ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍