തിരുവനന്തപുരം: സി.എസ്.ഐ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ വെള്ളിയാഴ്ചയും പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസിലുള്‍പ്പെട്ടവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയിലും പൊലീസിന്റെ ഒത്തുകളി വ്യക്തമാകുകയാണ്.
കഴിഞ്ഞദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശരത്കൃഷ്ണന്‍, കാമറാമാന്‍ ശശികുമാര്‍ എന്ന അയ്യപ്പന്‍ എന്നിവരെ സി.എസ്.ഐ ആസ്ഥാനത്ത് 25 ഓളം വരുന്ന സംഘം ആക്രമിച്ചത്. എല്‍.എം.എസ്‌കോമ്പൗണ്ടില്‍ അക്രമത്തില്‍ ഉള്‍പ്പെട്ടവരെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയ സെക്യൂരിറ്റി ഗാര്‍ഡ് ഷാജന്‍ ഡേവിഡ്, യേശുദാസന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമാണ് ചെയ്തത്.
ആക്രമിച്ചത് സസ്‌പെന്‍ഷനിലായ എ.എസ്.ഐ റസലയ്യന്‍, കോണ്‍ഗ്രസ് നേമം ബ്ലോക്ക് പഞ്ചായത്തംഗം എഡ്‌വിന്‍ ജോര്‍ജ്, സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാമായിരുന്നു. എന്നാല്‍ അതിന് നടപടി സ്വീകരിച്ചില്ല.
പരാതി കഴിഞ്ഞദിവസം വൈകുന്നേരമാണ് ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസ്‌രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തട്ടിയെടുത്ത ടേപ്പിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അക്രമികളെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്.
ലാത്തിയടിയേറ്റ് തലക്ക് സാരമായ പരിക്കേറ്റ ഇന്ത്യാവിഷന്‍ ബ്യൂറോചീഫ് മാര്‍ഷല്‍ വി.സെബാസ്റ്റിയന്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത്, കാമറാമാന്‍ അയ്യപ്പന്‍ എന്നിവര്‍ ചികില്‍സയിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍