കാട്ടാക്കട: സ്‌കൂളില്‍നിന്ന് ഉച്ചക്കഞ്ഞി കുടിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രഥമാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പൂവച്ചല്‍ കൊണ്ണിയൂര്‍ സെന്റ് തെരേസാസ് യു.പി സ്‌കൂളിലെ അധ്യാപിക സലോമിയെയാണ് കാട്ടാക്കട എ.ഇ.ഒ വിക്രമന്‍ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി.
125ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ആശുപത്രിയിലെത്തിക്കാതെ സ്‌കൂളില്‍തന്നെ ശുശ്രൂഷിക്കാനുള്ള ശ്രമം രക്ഷാകര്‍ത്താക്കളെ രോഷാകുലരാക്കിയിരുന്നു. വിവരമറിഞ്ഞെത്തിയ രക്ഷാകര്‍ത്താക്കളോട് മോശമായി പെരുമാറിയതായും ഡി.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥികള്‍ ഇന്നലെ വീടുകളിലെത്തി.
സംഭവത്തില്‍ ആര്‍.ഡി.ഒ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കി. കഞ്ഞിവെക്കാന്‍ ഉപയോഗിച്ചത് പഴകിയ അരിയാണെന്നും പാചകപ്പുര വൃത്തിഹീനവും പാത്രങ്ങള്‍ ശുചിത്വമില്ലാത്തതുമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുഴഞ്ഞുവീണ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ വാഹനം വിട്ടുനല്‍കാത്തതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഒരു മുറിയില്‍ അധ്യാപികമാര്‍ മാറ്റിക്കിടത്തിയതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് എസ്.എ.ടി ആശുപത്രിയും വെള്ളറട പ്രാഥമികാരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍