ഗതാഗതപ്രശ്‌നം: ട്രാഫിക് കോര്‍ കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു

കോന്നി: കോന്നിയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് കോന്നി ഗ്രാമപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത ട്രാഫിക് കോര്‍ കമ്മിറ്റി വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു.

കോന്നിയിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കുക, പാര്‍ക്കിങ് - നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, പൊലീസ് സ്‌റ്റേഷന്‍ റോഡിലെ ടാക്‌സി ജീപ്പുകളുടെ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുക,  സ്വകാര്യബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നതിന് കര്‍ശന നടപടി സ്വീകരിക്കുക, സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ടൗണില്‍ ഓടിക്കാതിരിക്കുക, സ്‌കൂള്‍ സമയങ്ങളില്‍ സെന്‍ട്രല്‍ ജങ്ഷന്‍, പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡില്‍ പൊലീസിന്റെ സേവനം ലഭ്യമാക്കുക തുടങ്ങിയ നിരവധി വാഗ്ദാനങ്ങളും തീരുമാനങ്ങളുമാണ് കോര്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ ഒന്നുപോലും നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.

രണ്ടാഴ്ച മുമ്പ് പാര്‍ക്കിങ് സംബന്ധിച്ച് റോഡില്‍ മാര്‍ക്ക് ചെയ്‌തെങ്കിലും കൃത്യമായി വരച്ച് തിട്ടപ്പെടുത്തിയിട്ടില്ല.  കോന്നിയില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍  കണക്കിലെടുത്ത് ട്രാഫിക് സംവിധാനങ്ങള്‍ കുറേക്കൂടി കുറ്റമറ്റതാക്കണമെന്ന് ട്രാഫിക് ഉപദേശക സമിതിയിലും കോര്‍ കമ്മിറ്റിയിലും അംഗങ്ങള്‍ പറയാറുണ്ടെങ്കിലും ഇതൊന്നും നടപ്പാകാറില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യബസ്‌സ്റ്റാന്‍ഡില്‍ ബസുകള്‍ കയറണം എന്ന നിര്‍ദേശം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിക്കാറില്ല. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറുന്ന സ്ഥിതിയാണ്.

 കോന്നിയിലെ ട്രാഫിക് സംവിധാനങ്ങള്‍ കുത്തഴിഞ്ഞ രീതിയില്‍ തുടരുമ്പോള്‍ കോര്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാകാന്‍ കഴിയാതെ പഞ്ചായത്ത് ഇരുട്ടില്‍ തപ്പുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിങ്ങാണ് പഞ്ചായത്തിന് തലവേദന സൃഷ്ടിക്കുന്നത്.

വര്‍ഷങ്ങളായി കോന്നിയില്‍ ട്രാഫിക് ഉപദേശക സമിതി കൂടാറില്ല. കൂടിയാല്‍ തന്നെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. എന്നാല്‍,  പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തില്‍ എത്തി ട്രാഫിക് ഉപദേശക സമിതി വിളിച്ചുചേര്‍ത്ത് കോന്നിയിലെ ട്രാഫിക് ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഇവയൊക്കെ നടപ്പാകും എന്നാണ് ജനം കരുതിയത്. എന്നാല്‍, പുതിയ ഭരണ സമിതി തുടക്കത്തില്‍ കാണിച്ച വീര്യം ഇപ്പോഴില്ല  എന്ന ആക്ഷേപവും ശക്തമാണ്.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.