മണിമല പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണകക്ഷിയുടെ അവിശ്വാസനോട്ടീസ്

കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് ഭരണത്തിലുള്ള മണിമല പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ എം.കെ. ജോസഫിനെതിരെയാണ്  സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളടക്കം എതിര്‍പ്പുമായി രംഗത്തുവന്നത്.  15 അംഗ പഞ്ചായത്തില്‍ എട്ട് പേരാണ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടത്.  ബേബിച്ചന്‍ മുളങ്ങാശേരി, സണ്ണിക്കുട്ടി അഴകംപ്രയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരം നാലിന്  കാഞ്ഞിരപ്പള്ളി ബി.ഡി.ഒ  അബ്ദുല്‍ കരീമിന്  മുന്നില്‍  നേരിട്ടെത്തി നോട്ടീസ് നല്‍കുകയായിരുന്നു.  

 പ്രസിഡന്റിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലും ഏകപക്ഷിയ പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളടക്കമുള്ളവര്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ മുന്നോട്ടുവന്നത്.  15 അംഗ മണിമല പഞ്ചായത്തില്‍  കോ ണ്‍ഗ്രസിന് അഞ്ചും കേരള കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സ്വതന്ത്രന്‍, ബി.എസ്.പി എന്നിവര്‍ക്ക് ഓരോ അംഗവുമാണുള്ളത്.  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ എം.കെ. ജോസഫിനെതിരെ യു. ഡി.എഫ് 10 അംഗങ്ങള്‍ കഴിഞ്ഞ മാസം  ഡി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അവിശ്വസത്തിന്  തയാറായതെന്ന് പറയുന്നു.

അംഗങ്ങളുടെ എതിര്‍പ്പ് ഉണ്ടായിട്ടും പ്രസിഡന്റ് ഏകപക്ഷീയമായി മണിമല പഞ്ചായത്ത്  സ്‌റ്റേഡിയം അടച്ചുപൂട്ടിയത് വിവാദം സൃഷ്ടിച്ചിരുന്നു. പ്രസിഡന്റിന്റെ നിലപാടിനെതിരെ  പഞ്ചായത്ത് അംഗങ്ങളും യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. പ്രശ്‌നം അവസാനിപ്പിക്കാന്‍  പ്രസിഡന്റ് തയാറാകാതെവന്നതോടെ  പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ജീവനക്കാരെ ഓഫിസില്‍ തടഞ്ഞുവെക്കുകയും ചെയ്തു.  പ്രശ്‌നം തീര്‍പ്പാക്കാന്‍ കഴിയാതെവന്നതോടെ  പൊലീസ് ഇടപെട്ട്  സ്‌റ്റേഡിയം തുറന്നുകൊടുക്കാന്‍  തയാറാവുകയായിരുന്നു.  സി.പി.എമ്മിലെ മൂന്ന് അംഗങ്ങള്‍  അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ട്.  ബി.എസ്.പി, മുസ്‌ലിം ലീഗ് അംഗങ്ങള്‍ പ്രസിഡന്റിന് അനുകൂല നിലപാടിലാണെങ്കിലും വോട്ടിങ്ങില്ലാതെ അവിശ്വാസം പാസാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് അംഗങ്ങള്‍.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.