ആശ്രിത നിയമനം: ആരെ ആ്രശയിക്കണമെന്നറിയാെത രോഹിണീഭായി

ശാസ്താംകോട്ട: ആശ്രിത നിയമന പദ്ധതിപ്രകാരം ലഭിക്കേണ്ട ജോലിക്കുവേണ്ടി ആറ് വര്‍ഷമായി കാത്തിരിപ്പിലാണ് പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ രോഹിണി വിലാസത്തില്‍ രോഹിണീഭായി (43). രോഹിണിയുടെ അപേക്ഷയില്‍ നേരത്തെ തീര്‍പ്പ് കല്‍പ്പിച്ചതിനാല്‍ അടുത്തിടെ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച അറിയിപ്പ് ബിരുദധാരിയായ രോഹിണീഭായിക്ക് തിരിച്ചടിയായിരിക്കുകയാണ്.

പടിഞ്ഞാറെ കല്ലട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാര്‍ട്ട്‌ടൈം ജീവനക്കാരനായിരുന്ന പിതാവ് രാജേന്ദ്രന്‍പിളള 2005 ലാണ് മരിച്ചത്. 35 വയസ്സ് കഴിഞ്ഞതിനാല്‍ ആശ്രിത നിയമനപ്രകാരം  പാര്‍ട്ട്‌ടൈം ജോലിക്കാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ രോഹിണീഭായി വിവാഹിതയാണെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ച് സെക്രട്ടേറിയറ്റില്‍ നിന്ന് 2009 മാര്‍ച്ചില്‍ അറിയിപ്പ് ലഭിച്ചു. ഇതിനിടെ 2010 ഏപ്രിലില്‍ ആശ്രിതര്‍, വിവാഹിതരായ മക്കളായിരുന്നാലും  പരിഗണിക്കാമെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിനനുസരിച്ച്  ഇവര്‍ വീണ്ടും അപേക്ഷിച്ചു. നേരത്തെ ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിച്ചതിനാല്‍ പുനഃപരിശോധനക്ക് കഴിയില്ലെന്നായിരുന്നു  മറുപടി. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ കാബിനറ്റില്‍ പരിഗണനക്ക് വെച്ചും തീരുമാനമുണ്ടാക്കാം എന്ന ഉറപ്പുകിട്ടിയത്രെ. പക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ആ നീക്കം ഫലം കണ്ടില്ല. പുതിയ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രശ്‌നങ്ങള്‍ പുതിയ കാബിനറ്റ് പരിഗണിക്കേണ്ടതില്ല എന്ന നയമാണ് പിന്തുടരുന്നതെന്ന മറുപടിയാണ് വാക്കാല്‍ കിട്ടിയതത്രെ.

നിയമാനുസൃതം ലഭിക്കേണ്ട തൂപ്പുജോലിക്കുവേണ്ടി ഇനിയേത് അധികാരകേന്ദ്രത്തെ സമീപിക്കണമെന്നറിയാതെ കാത്തിരിക്കുകയാണ് രോഗിണീഭായി. സഹോദരന്‍ അനില്‍കുമാറിന്റെ സംരക്ഷണയില്‍ കഴിയുന്ന രോഗിണീഭായിക്ക് കൂട്ടായുള്ളത് രോഗിയായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.