ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരമായില്ല

ആലപ്പുഴ: സമയപരിധി കഴിഞ്ഞിട്ടും ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരമായില്ല.73ല്‍ 50 ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയെടുത്തപ്പോള്‍ 12ല്‍ ഒമ്പത് ബ്ലോക് പഞ്ചായത്തുകള്‍ക്കും അംഗീകാരം നേടാന്‍ കഴിഞ്ഞു. എന്നാല്‍, ജില്ലയിലെ അഞ്ച് നഗരസഭകളില്‍ ഒന്നിനുപോലും പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാനായില്ല. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതിക്കും ഇതുവരെ അംഗീകാരമായിട്ടില്ല.

2011 -12 വര്‍ഷത്തെ വാര്‍ഷികപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന സമയപരിധി ജൂലൈ 11 ആയിരുന്നു. തിങ്കളാഴ്ച ഡി.പി.സി ചേര്‍ന്നെങ്കിലും 42 ഗ്രാമപഞ്ചായത്തുകള്‍ക്കും ഒമ്പത് ബ്ലോക്കുകള്‍ക്കും മാത്രമാണ് പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടാന്‍ കഴിഞ്ഞത്. നേരത്തേ എട്ട് ഗ്രാമപഞ്ചായത്തുകളും ഈ നിലയില്‍ അംഗീകാരം നേടിയിരുന്നു. നഗരസഭകളില്‍ മാവേലിക്കര നഗരസഭ മാത്രം പ്രാഥമിക പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും ഇവര്‍ക്കും സമ്പൂര്‍ണ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയെടുക്കാനായില്ല.

തെരഞ്ഞെടുപ്പ് മൂലമാണ്  വാര്‍ഷിക പദ്ധതി തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടായത്. ഇതോടെ പദ്ധതി നടത്തിപ്പും അവതാളത്തിലാകുന്ന സ്ഥിതിയാണ്. പണം ചെലവഴിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിനിടെ പദ്ധതിയുടെ പ്രയോജനം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാര്‍ തീരുമാനിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ വീണ്ടും സമയം നീട്ടി ഉത്തരവ് ഇറക്കുമെന്നാണ് കരുതുന്നത്. 19ന് വീണ്ടും ഡി.പി.സി യോഗം വിളിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജില്ലാപഞ്ചായത്ത് കോണ്‍ ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി അധ്യക്ഷത വഹിച്ചു. ജില്ലാപ്ലാനിങ് ഓഫിസര്‍ എം.സി. തങ്കപ്പനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.