ബുധനൂരില്‍ മാലിന്യസംസ്‌കരണ പ്ലാന്റ്; സമീപവാസികള്‍ക്ക് ആശങ്ക

ചെങ്ങന്നൂര്‍: ബുധനൂരില്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക.

പഞ്ചായത്ത് 14ാം വാര്‍ഡ് തോപ്പില്‍ ചന്തക്ക് സമീപം പെരിങ്ങാട് അങ്കണവാടിക്ക് അടുത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് ശ്രമം. 25 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുണ്ട്. ബ്ലോക് പഞ്ചായത്തിന്റെയും ജില്ലാ -ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണിത്.

ബ്ലോക് പഞ്ചായത്ത് കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പത്തുലക്ഷവും നിര്‍മല്‍ പുരസ്‌കാരമായി ലഭിച്ച തുകയും ബുധനൂര്‍ പഞ്ചായത്തിന്റെ 24,500 രൂപയും ജില്ലാപഞ്ചായത്തിന്റെ സഹായവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

ബ്ലോക് പഞ്ചായത്തിന്റെ പരിധിയിലെ ഖരമാലിന്യം ശേഖരിച്ച് ബുധനൂരില്‍ കൊണ്ടുവരികയും പ്ലാസ്റ്റിക് മാത്രം വേര്‍തിരിച്ച് സംസ്‌കരിക്കുകയുമാണ് ലക്ഷ്യം.അങ്കണവാടിക്ക് സമീപം ഇത്തരത്തിലെ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ലക്ഷംവീട് കോളനിയും ഇതിനടുത്താണ്. പ്ലാന്റില്‍നിന്നുള്ള പുകയും മറ്റുവസ്തുക്കളും അന്തരീക്ഷത്തില്‍ പടര്‍ന്ന് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അധികാരികള്‍ ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല.

പ്ലാസ്റ്റിക് റീസൈക്ലിങ്ങിനുശേഷമുള്ള അവശിഷ്ടങ്ങള്‍ അടുത്തുള്ള പാടശേഖരങ്ങളിലേക്ക് തള്ളുമോയെന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്. മാലിന്യസംസ്‌കരണ അവശിഷ്ടങ്ങള്‍ സമീപത്തെ ആറുകളെയും വിഷലിപ്തമാക്കും. കണ്ണൂരിലെ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയശേഷം മാത്രമെ ബുധനൂരില്‍ അത് സ്ഥാപിക്കാന്‍ അനുമതി നല്‍കൂവെന്ന് വാര്‍ഡംഗം പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.