ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചപ്പനി പിടിപെട്ട് 865 പേര്‍ കൂടി ചികിത്സതേടി. ഡോക്ടര്‍മാര്‍ അടക്കം ആറുപേര്‍ക്കുകൂടി എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിനും രോഗം പിടിപെട്ടിട്ടുണ്ട്.
എന്നാല്‍, ഡോക്ടര്‍മാരില്‍ എച്ച് 1 എന്‍ 1 വൈറസുകളുടെ സാന്നിധ്യം നേരത്തേ കണ്ടെത്തിയതാണെന്നും ഇതിന്റെ റിസല്‍ട്ട് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവന്നു എന്നുമാത്രമെയുള്ളൂവെന്നും ഡി.എം.ഒ ഡോ കെ.എം. സിറാബുദ്ദീന്‍ പറഞ്ഞു. 28 പേര്‍ക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
വൈറല്‍പ്പനി കൂടാതെ വയറിളക്കരോഗം ബാധിച്ചും കൂടുതലാളുകള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം 110 പേരാണ് ഇത്തരത്തില്‍ ചികിത്സതേടി എത്തിയത്. കൂടാതെ കുമാരപുരം സ്വദേശികളായ രണ്ടുപേര്‍ ടൈഫോയ്ഡ് ബാധിച്ചും മാരാരിക്കുളം ഭാഗത്തുനിന്ന് രണ്ടുപേര്‍ ചിക്കന്‍പോക്‌സ് ബാധിച്ചും ചികിത്സതേടി. ജില്ലയിലെ എല്ലാ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. അഡ്മിറ്റുചെയ്ത രോഗികള്‍ രണ്ടും മൂന്നും പേരാണ് ഒരു കട്ടിലില്‍ കിടക്കുന്നത്.
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള നീക്കങ്ങള്‍ക്കൊന്നും ഇതുവരെ ഫലമുണ്ടായിട്ടില്ല. അവധിയെടുത്ത ഡോക്ടര്‍മാരെ അറസ്റ്റുചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചിട്ടും 39ല്‍ ഒമ്പതുപേര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ തയാറായത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍