തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം പൂര്‍ണമായും കുറ്റമറ്റതാക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നളിനി നെറ്റോ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. പുതിയ വോട്ടിങ് യന്ത്രം പ്രദര്‍ശിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
കമീഷന്‍ നേരിട്ട് സ്ലിപ്പ് വിതരണം നടത്തുന്ന രീതി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. ഈ രീതിയെ രാഷ്ട്രീയനേതാക്കള്‍ യോഗത്തില്‍ അനുകൂലിച്ചെങ്കിലും എല്ലാ വീടുകളിലും സ്ലിപ്പെത്തിക്കാന്‍ കമീഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അടുത്ത തവണ മുതല്‍ സ്ലിപ്പ് വിതരണം കുറ്റമറ്റതാക്കാന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചത്. പോളിങ് സ്‌റ്റേഷനുകള്‍ അടുത്ത ഒക്‌ടോബറിനകം പുനഃക്രമീകരിക്കും. പലയിടത്തും അശാസ്ത്രീയമായാണ് പോളിങ് സ്‌റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പുതിയ വോട്ടിങ് യന്ത്രത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്വാഗതംചെയ്‌തെങ്കിലും രേഖപ്പെടുത്തിയ വോട്ടിന്റെ പ്രിന്റൗട്ട് നല്‍കുന്ന രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. പുതിയ യന്ത്രം ഉപയോഗിച്ച് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 24ന് പരീക്ഷണ വോട്ടെടുപ്പ് നടക്കും. ആനത്തലവട്ടം ആനന്ദന്‍, ജോണി നെല്ലൂര്‍, തോമസ് ചാഴികാടന്‍, സി.എന്‍. ചന്ദ്രന്‍, കെ.കെ. ഷാജു, വര്‍ഗീസ് ജോര്‍ജ്, വര്‍ക്കല രവികുമാര്‍, അബ്ബാസ് സേട്ട്, അഡ്വ.സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍