ബേപ്പൂര്‍: അക്ഷര സുല്‍ത്താന്റെ 17ാം ചരമവാര്‍ഷികത്തിലും പതിവുതെറ്റാതെ വൈലാലിലെ ഓര്‍മക്കൂട്ടം. വിശ്വ വിഖ്യാതമായ കഥകളും കഥാപാത്രങ്ങളും കൂട്ടായ്മയിലെത്തിയവര്‍ പങ്കുവെച്ചു.
കോഴിക്കോട്ടെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ വീട്ടുമുറ്റത്ത് ഒരുമിച്ചുകൂടിയത്. 1994 ജൂലൈ അഞ്ചിന് കഥാകാരന്‍ മരിച്ചതുമുതല്‍ മുടങ്ങാതെ നടക്കുന്ന കൂട്ടായ്മയില്‍ എം.ജി.എസ്. നാരായണനായിരുന്നു മുഖ്യാതിഥി.
മാങ്കോസ്റ്റിന്‍ ചുവട്ടില്‍ ഒരുക്കിയ പന്തലിലെത്തിയവരെ ബഷീറിന്റെ പ്രിയതമ ഫാബി വരവേറ്റു.സ്‌കൂള്‍, കോളജ് കുട്ടികളും വൈലാലില്‍ നേരത്തെ എത്തി ഇടം പിടിച്ചിരുന്നു.
കുട്ടികള്‍ക്ക് ഓട്ടോഗ്രാഫില്‍ ഒപ്പിട്ടും ചാനലുകള്‍ക്കായി ബഷീറോര്‍മകള്‍ പങ്കിട്ടും ഫാബി അവശത മറന്ന് സജീവമായി.
മകന്‍ അനീസ് ബഷീറിന്റെ സ്വാഗതപ്രസംഗത്തോടെ ചടങ്ങുകള്‍ തുടങ്ങി. ഡോ. എം.ജി.എസ്. നാരായണന്‍ കഥാകാരന്റെ മഹത്വങ്ങള്‍ ഓര്‍ത്തെടുത്തു. വാക്കുകളുടെ സൃഷ്ടാവും ദൈവവുമായിരുന്നു ബഷീറെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, എം. ഗംഗാധരന്‍ എന്നിവരും സംസാരിച്ചതോടെ ലഘു ചടങ്ങ് അവസാനിച്ചു. പി.കെ. ഗോപി, കാനേഷ് പൂനൂര്‍, മണമ്പൂര്‍ രാജന്‍ ബാബു, പരുഷന്‍ കടലുണ്ടി എം.എല്‍.എ, യു.കെ. കുമാരന്‍, എം.എന്‍. കാരശ്ശേരി, കെ.പി. സുധീര, ജമാല്‍ കൊച്ചങ്ങാടി, ഡോ. കെ. മൊയ്തു, ഡോ. ഖദീജ മുംതാസ്, പി.വി. ഗംഗാധരന്‍, ജാനമ്മ കുഞ്ഞുണ്ണി, ഡോ. എം.വി. മമ്മി, ടി.പി. ചെറൂപ്പ, ബഷീര്‍ കൃതികള്‍ ബ്രെയ്‌ലിയിലേക്ക് ഭാഷാന്തരം ചെയ്ത മുഹമ്മദ് മുസ്തഫ തുടങ്ങി നിരവധി പേര്‍ വൈലാലിലെ പന്തലില്‍ നിറഞ്ഞുനിന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍