കുറ്റിയാര്‍വാലി ഭൂമി തട്ടിപ്പ്: വന്‍കിടക്കാരെ തിരുകിക്കയറ്റാന്‍ ഭൂരഹിതരുടെ പട്ടയപ്പട്ടിക മുക്കി

തൊടുപുഴ: സര്‍ക്കാര്‍ പട്ടയമേളക്ക് മറവില്‍  കുറ്റിയാര്‍വാലിയില്‍ ഭൂമി  പതിച്ചെടുത്ത ഭൂമാഫിയ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെ ഗൂഢാലോചന നടത്തി ഭൂരഹിതരുടെ പട്ടിക അട്ടിമറിച്ചെന്ന് കണ്ടെത്തി. ബിനാമികളെയും വ്യാജ മേല്‍വിലാസക്കാരെയും സ്ഥലമില്ലാത്തവരെയും ഉള്‍പ്പെടുത്തി രണ്ടാം പട്ടിക തയാറാക്കിയാണ് പട്ടയ മേളക്ക് വെച്ചതും തട്ടിപ്പ് അരങ്ങേറിയതും.

അര്‍ഹരുടെ എണ്ണം പട്ടികയില്‍ കൂടുതലായാല്‍ ഭൂമി തട്ടിയെടുക്കാനാകില്ലെന്ന് കണ്ടാണ്  ആദ്യ പട്ടിക ഉന്നതരുടെ അറിവോടെ മാറ്റിമറിച്ചത്.ഇങ്ങനെയാണ് വ്യാജ വിലാസത്തിലും ബിനാമി പേരിലും പട്ടയം സമ്പാദിച്ച് മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ 283.42 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മാഫിയ അധീനതയിലാക്കിയത്. ദേവികുളം താലൂക്കിലെ ഭൂരഹിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് തയാറാക്കിയ പട്ടികയില്‍ അര്‍ഹരായവരുടെ എണ്ണം  കൂടുതലായിരുന്നു.

അര്‍ഹരായ ഭൂരഹിതരുടെ എണ്ണം  പകുതിയിലേറെ വരുമെന്ന് കണ്ടതോടെമൂന്നാര്‍ കെ.ഡി.എച്ച് വില്ലേജില്‍ നിന്നുള്ളവരുടെ പേരുമാത്രം ഉള്‍പ്പെടുത്തി റവന്യൂ ഉദ്യോഗസ്ഥര്‍ മാഫിയ അനുകൂല ലിസ്റ്റ് തയാറാക്കുകയായിരുന്നു. അതോടെ വിരമിച്ചവരും വി.ആര്‍.എസ് എടുത്തവരുമായ തമിഴ് തൊഴിലാളികള്‍ അവരറിയാതെ ലിസ്റ്റില്‍ ഇടം കണ്ടു. വ്യാജ വിലാസത്തില്‍ പട്ടയം ഉറപ്പാക്കിയതുകൂടാതെ  മരിച്ചവരുടെ പേരില്‍ പോലും പട്ടയം തയാറായി. രണ്ട് ഘട്ടങ്ങളിലായി പട്ടയ മേളയിലൂടെ വിതരണം ചെയ്ത 3099 പ്ലോട്ടുകളില്‍ ഏറെയും ഇത്തരത്തില്‍ അനര്‍ഹര്‍ സ്വന്തമാക്കി. 283.42 ഏക്കര്‍ സ്ഥലമാണ് അഞ്ചും പത്തും സെന്റ് പ്ലോട്ടുകളാക്കി  കെ.പി. രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ കുറ്റിയാര്‍വാലിയില്‍ വിതരണത്തിന് തയാറാക്കിയത്. മന്ത്രി പങ്കെടുത്ത  പട്ടയമേളക്ക് പിന്നാലെ  ബിനാമി പേരുകളിലുള്ളവ വന്‍കിടക്കാര്‍ ഒരുമിച്ച് വാങ്ങിയെടുക്കുകയായിരുന്നെന്നാണ് വിവരം.

പട്ടയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്ലോട്ട് തിരിച്ചിട്ട ഭൂമി കാണിച്ചുകൊടുക്കാന്‍ പലവട്ടം ഗുണഭോക്താക്കളുടെ വിലാസത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് ഹാജരായത്.

അതിനിടെ, അസൈന്‍മെന്റ് ഓര്‍ഡര്‍ കിട്ടിയിട്ടും പട്ടയമോ ഭൂമിയോ ലഭിക്കാത്ത അര്‍ഹരുമുണ്ട്. അളന്ന് തിരിച്ചിട്ട് മാസങ്ങളായെങ്കിലും അഞ്ച് സെന്റ് പ്ലോട്ടുകള്‍ ഇതുവരെ വിതരണം ചെയ്ത് തീര്‍ന്നിട്ടില്ല. പ്രധാന പ്രശ്‌നം മേല്‍വിലാസക്കാരില്ലെന്നതാണെങ്കിലും തട്ടിപ്പ് പുറത്തറിയാതിരിക്കാനാണ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് കാരണമെന്നും സൂചനയുണ്ട്.

ഭൂമി കൈമാറ്റം ചെയ്യരുതെന്ന നിബന്ധന മറികടന്ന് തൊഴിലാളികളില്‍ നിന്ന് നിസ്സാര വിലയ്ക്ക് ഏജന്റുമാരെ വെച്ച് ഭൂമി വാങ്ങിയെടുത്തും മാഫിയ പ്ലോട്ടുകള്‍ സ്വന്തമാക്കുന്നുണ്ട്.

 25 വര്‍ഷം കഴിയാതെ വില്‍പ്പന പറ്റില്ലെന്ന നിബന്ധന എഴുതി ച്ചേര്‍ത്ത പട്ടയത്തില്‍ വരുന്ന ഭൂമിയാണ് അനധികൃതമായി തട്ടിയെടുക്കുന്നത്. വിലയായി ഒന്നേകാല്‍ ലക്ഷം രൂപ സമ്മതിച്ചും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭവന വായ്പ വാങ്ങിയെടുക്കാന്‍ തൊഴിലാളികളെത്തന്നെ അനുവദിച്ചുമാണ് മാഫിയ ഭൂമി സ്വന്തമാക്കുന്നത്. പട്ടയ ഉടമകളായ തൊഴിലാളികളില്‍ നിന്ന് പവര്‍ മുക്ത്യാര്‍ എഴുതി വാങ്ങിയാണ് കൈമാറ്റം.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.