കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം: നിലമ്പൂര്‍ കാട്ടില്‍ വ്യാപക പരിശോധന

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍നിന്ന് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആര്‍.ഡി.എക്‌സ് പിടികൂടിയെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം വനത്തില്‍ വ്യാപക പരിശോധന.

ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗത്തിലെ എസ്.ഐ മുരളീധരനും സംഘവുമാണ് പരിശോധന തുടങ്ങിയത്. സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി പി. പ്രമോദും സംഘവും പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. ആദിവാസികളുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലും ഉള്‍വനത്തിലും പരിശോധന. ഒരുമാസംമുമ്പ്  ഉഗ്രസ്‌ഫോടനശേഷിയുള്ള ആര്‍.ഡി.എക്‌സ് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയെന്നും സംഭവത്തില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടെന്നുമാണ് ചില പത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നത്. സംസ്ഥാന പൊലീസ് ഇന്റലിജന്‍സ്  ഇനിയും സംഭവം സ്ഥിരീകരിച്ചിട്ടില്ല.

നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍പെട്ട സംശയിക്കപ്പെടാവുന്ന വനമേഖലകളിലും ഉള്‍ക്കാട്ടിലെ ആദിവാസികോളനികളിലും വനംവകുപ്പും ലോക്കല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയെങ്കിലും സംഭവം നടന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ല. രണ്ട് മാവോ വാദികള്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഓപറേഷന്‍ നടന്നിട്ടും അത് വനം വകുപ്പുപോലും അറിഞ്ഞില്ലെന്നിരിക്കെ വാര്‍ത്തയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, കര്‍ണാടക വനത്തില്‍ ഇത്തരം ഒരു ഓപറേഷന്‍ നടന്നതായി സൂചനയുണ്ടെന്ന് പറയപ്പെടുന്നു. കര്‍ണാടക പൊലീസ് സ്ഥിരീകരിക്കാത്ത ഈ വിവരം തമിഴ്‌നാട്ടിലെ രഹസ്യാന്വേഷണ സംഘത്തില്‍നിന്നാണ് കേരള പൊലീസിന് ഔദ്യോഗികമായല്ലാതെ ലഭിച്ചത്. കേന്ദ്ര നിര്‍ദേശപ്രകാരം കര്‍ണാടക, തമിഴ്‌നാട് പൊലീസും അവരുടെ വനമേഖലകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ണാടകയുടെ ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്ക്, തമിഴ്‌നാടിന്റെ മുതുമല കടുവ സങ്കേതത്തിലെ തൊപ്പക്കാട് വനമേഖല എന്നിവിടങ്ങളിലാണ് ഇരുസംസ്ഥാനങ്ങളിലെയും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നത്. സംശയിക്കത്തക്ക ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുതന്നെയാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അതത് സര്‍ക്കാറുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.