തോല്‍പിക്കാന്‍ നേതാക്കള്‍ ഗൂഢാലോചന നടത്തി -കെ.പി.വിശ്വനാഥന്‍

തൃശൂര്‍:  പുതുക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന തന്നെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം  ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് കെ.പി. വിശ്വനാഥന്‍ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, സെബി കൊടിയന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരുടെ പേരുകള്‍ സഹിതമാണ് പരാതി.

ജയിച്ചാല്‍ മന്ത്രിയാവുമെന്നും ജില്ലയിലെ നേതൃത്വരംഗത്ത് പിടിമുറുക്കുമെന്നും അത് തങ്ങള്‍ക്ക് ഭീഷണിയാവുമെന്നുമുള്ള കണക്കുകൂട്ടലാണ് ഇവരെ തനിക്കെതിരെ ദുഷ് പ്രചാരണം നടത്താന്‍ പ്രേരിപ്പിച്ചത്. മണ്ഡലത്തിലെ ചില പ്രാദേശിക നേതാക്കളും ജില്ലയിലെ ഐ, എ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളും ഇതിന് നേതൃത്വം നല്‍കി.സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ച ഡി.സി.സി ഭാരവാഹി ഒ. അബ്ദു റഹ്മാന്‍ കുട്ടി, പുതുക്കാട്  മണ്ഡലത്തില്‍പെട്ട ജോസഫ് ടാജറ്റ് എന്നിവര്‍ക്ക് സീറ്റ് കിട്ടാത്തതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയതായി വിശ്വനാഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്ക് സീറ്റ് ലഭിക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പരാജയപ്പെടുത്താന്‍ നീക്കം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന സമയത്ത് ജോസഫ് ടാജറ്റ് 'നിന്നെ ഞാന്‍ കാണിച്ചു തരാം. നീ ഇവിടെ ജയിക്കുന്നത് കാണട്ടെ' എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് ആക്രോശിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ തന്നെ മോശമായി ചിത്രീകരിച്ചു. ഇതിനെല്ലാം തെളിവുകളുണ്ട്. ടാജറ്റ്  നിന്ദ്യവും ഹീനവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നും വിശ്വനാഥന്‍ ആരോപിച്ചു.

മണ്ഡലത്തിലെ ഐ വിഭാഗം നേതാക്കളും തന്നെ അവഗണിച്ചു. തെരഞ്ഞെടുപ്പ് സമിതി ഭാരവാഹികളായിരുന്ന കെ. ഗോപാലകൃഷ്ണന്‍, ടി. സുഭാഷ്, മണ്ഡലം പ്രസിഡന്റുമാരായ ടി.എം. ചന്ദ്രന്‍, കെ. സോമന്‍, സി. ഗോപാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി  ഓഫിസില്‍ വന്ന് മുഖം കാണിച്ച്, മണ്ഡലത്തില്‍ പോയി തനിക്കെതിരെ പ്രവര്‍ത്തിച്ചു. എതിര്‍ സ്ഥാനാര്‍ഥിയെ പുകഴ്ത്തുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കും വിധം പ്രചാരണം നടത്തുകയും ചെയ്തു.

മുന്‍ മന്ത്രി പി.പി. ജോര്‍ജിന്റെ മരുമകന്‍ സെബി കൊടിയന്‍ തനിക്കെതിരെ മണ്ഡലത്തിലുടനീളം പോസ്റ്ററൊട്ടിച്ചു. നോട്ടീസടിച്ച് വിതരണം ചെയ്തു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടി ഇവ നശിപ്പിക്കുകയായിരുന്നു. താന്‍ ക്രിസ്ത്യന്‍ വിരുദ്ധനാണെന്ന് കാണിച്ച് പള്ളികളിലേക്കും കന്യാസ്ത്രീ മഠങ്ങളിലേക്കും  കത്തുകളയച്ചതായും പരാതിയില്‍ പറഞ്ഞു.

പരാജയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ഗ്രൂപ്പില്ലാത്തതിനാല്‍ മന്ത്രിയാവാന്‍ കഴിഞ്ഞില്ലെന്ന് പരിഭവിക്കുന്ന എം.എല്‍.എയും ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പിലേക്ക് ചാടിയ എം.എല്‍.എയും താന്‍ പരാജയപ്പെടാന്‍ ആഗ്രഹിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച വക്കം പുരുഷോത്തമന്‍ കമീഷനെ പരാതികള്‍ അറിയിക്കുമെന്നും കെ.പി. വിശ്വനാഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.