പത്മിനി തോമസ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റു

പത്മിനി തോമസ് സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ പ്രസിഡന്റായി  ചുമതലയേറ്റു

തിരുവനന്തപുരം: അന്തര്‍ദേശീയ കായികതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റു.  

കഴിഞ്ഞദിവസം ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. പ്രസിഡന്റായിരുന്ന ടി.പി. ദാസന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും കായികരംഗത്തുള്ള വ്യക്തി തന്നെ  തലപ്പത്ത് വരണമെന്ന സര്‍ക്കാറിന്റെ താല്‍പര്യമാണ് പത്മിനിയുടെ നിയമനത്തിന് കാരണമായത്.  റെയില്‍വേയിലെ ചീഫ് സൂപ്പര്‍വൈസറായ പത്മിനി തോമസ് റെയില്‍വേയുടെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുത്തത്.

ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ ഇന്ത്യയെയും കേരളത്തെയും അവര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 400 മീ. വനിതകളുടെ ഓട്ടമല്‍സരത്തില്‍ 1979 മുതല്‍ '84 വരെയുള്ള ദേശീയ റെക്കോര്‍ഡ് പത്മിനിയുടെ പേരിലായിരുന്നു. ജര്‍മനിയില്‍ നടന്ന ഇന്‍വിറ്റേഷന്‍ മീറ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായിരുന്നു. ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക വനിതയായിരുന്നു അവര്‍. 1996 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു. ജി.വി. രാജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.   ഭര്‍ത്താവ് ശെല്‍വന്‍ റെയില്‍വേ ഉദ്യോഗസ്ഥനും കായികതാരവുമാണ്. ദേശീയ അത്‌ലറ്റും റെയില്‍വേ ജീവനക്കാരിയുമായ ഡയാന മകളും  ഫെന്‍സിങ് ദേശീയ ടീമംഗമായ ഡാനി  മകനുമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.