വിഷമദ്യ ദുരന്തം: തെളിവ് നല്‍കാന്‍ ആരുമെത്തിയില്ല; കമീഷന്‍ കാത്തിരുന്ന് മടങ്ങി

തിരൂര്‍: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുറ്റിപ്പുറം, വണ്ടൂര്‍, തിരൂര്‍ മേഖലകളിലുണ്ടായ വിഷമദ്യ ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന കമീഷന്റെ ആദ്യ സിറ്റിങില്‍ തെളിവു നല്‍കാന്‍ ആരുമെത്തിയില്ല. ഒരു മണിക്കൂറോളം കാത്തിരുന്ന കമീഷന്‍ ജസ്റ്റിസ് രാജേന്ദ്രന്‍ നായര്‍ സിറ്റിങ് മാറ്റി വെച്ച് മടങ്ങി. തിരൂര്‍ ടി.ബിയിലായിരുന്നു സിറ്റിങ്.

27പേര്‍ മരിക്കുകയും ഒട്ടേറെയാളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത ദുരന്തം സംബന്ധിച്ച് ഒട്ടേറെയാളുകള്‍ തെളിവ് നല്‍കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കമീഷന്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. പീതാംബരനും മറ്റൊരാളുമാണുണ്ടായിരുന്നത്. സിറ്റിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരാളെത്തി കമീഷന്‍ ക്ലര്‍ക്കിന് കത്തു നല്‍കി മടങ്ങി. സിറ്റിങിനിടെ പരിശോധിച്ചപ്പോള്‍ ഏതാനും നിര്‍ദേശങ്ങളാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ നല്‍കിയയാളുടെ പേരു വിവരങ്ങളുണ്ടായിരുന്നില്ല. കമീഷന്‍ ഓഫിസില്‍ തിരുവനന്തപുരം പൊതുജനവേദി ചെയര്‍മാന്‍ ബഷീര്‍, ലിക്വര്‍ കണ്‍സ്യൂമര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചതായി ജസ്റ്റിസ് രാജേന്ദ്രന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിസ് രാജേന്ദ്രന്‍ നായരെ മദ്യ ദുരന്തം അന്വേഷിക്കാന്‍ കമീഷനായി നിയോഗിച്ചത്. പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷമാണ് സിറ്റിങ് തീരുമാനിച്ചത്. വ്യക്തികള്‍, സംഘടനകള്‍, അസോസിയേഷനുകള്‍, വ്യക്തികളുടെ കൂട്ടായ്മകള്‍ എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. സിറ്റിങ് സംബന്ധിച്ച് കമീഷന്‍ നേരത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ സിറ്റിങിനോടനുബന്ധിച്ച് അറിയിപ്പുകള്‍ നല്‍കാതിരുന്നതിനാലാകും ആരും എത്താതിരുന്നതെന്നാണ് കരുതുന്നത്.

ആഗസ്റ്റ് പത്തിന് തിരൂരില്‍ രണ്ടാമത്തെ സിറ്റിങ് നടക്കും. എക്‌സൈസ്, പൊലീസ് അധികൃതരില്‍ നിന്നും ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.