കരാര്‍ ഒപ്പിട്ടു; മൂലമ്പിള്ളിയില്‍ പ്രശ്‌നപരിഹാരമാകുന്നു

കരാര്‍ ഒപ്പിട്ടു; മൂലമ്പിള്ളിയില്‍ പ്രശ്‌നപരിഹാരമാകുന്നു

തിരുവനന്തപുരം: മൂന്നര വര്‍ഷമായി തുടരുന്ന ജീവിതദുരിതങ്ങള്‍ക്കും സമരപരമ്പരകള്‍ക്കുമൊടുവില്‍ മൂലമ്പിള്ളിക്കാര്‍ക്ക് ആശ്വാസവഴിയൊരുങ്ങുന്നു.  വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി നിവാസികളുടെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ച് പുതിയ പാക്കേജിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അന്തിമ രൂപം നല്‍കി. പിന്നീട് പുതുക്കിയ കരാറില്‍ മൂലമ്പിള്ളിക്കാരുടെ പ്രതിനിധികളും റവന്യുമന്ത്രിയും ഒപ്പിട്ടു. മൂലമ്പിള്ളി കുടിയിറക്കലിന് 40 മാസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് 12 നിര്‍ദേശങ്ങളടങ്ങുന്ന പുതിയ പാക്കേജ് ഒപ്പിട്ടത്.
326 കുടുംബങ്ങളെയാണ് വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ചത്.ഇവരില്‍ 299 പേര്‍ക്ക് പുനധിവാസത്തിനായി ഭൂമി അനുവദിച്ചു. ഇതില്‍ 287 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്. ബാക്കി 12പേര്‍ക്കും പട്ടയം അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇവര്‍ നല്‍കിയിട്ടുള്ള കേസ് പിന്‍വലിക്കുന്ന മുറയ്ക്കായിരിക്കും പട്ടയം അനുവദിക്കുക. ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് കിട്ടിയ എല്ലാ ആനുകൂല്യങ്ങളും നല്‍കും. ഡി.എല്‍.പി.സി നിരക്ക് സ്വീകരിച്ച നാല് പേര്‍ക്ക് അവര്‍ സ്വയം കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന മുറയ്ക്കും പട്ടയം അനുവദിക്കുമെന്ന് തീരുമാനങ്ങള്‍ അറിയിച്ച റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പുനരധിവാസത്തിന് കണ്ടെത്തിയ ഭൂമി തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ അത് നേരിടാനും നടപടിയെടുക്കും. ഓരോ പ്ലോട്ടും പ്രത്യേകമായെടുത്താല്‍ 33 ശതമാനം സ്ഥലത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി കിട്ടുക. അത് വീട് നിര്‍മാണത്തിന് മതിയാകാതെ വരും. മൊത്തം സ്ഥലം ഒരു പ്ലോട്ടായി കരുതി 33ശതമാനം സ്ഥലത്ത് വീടുകള്‍ നിര്‍മിക്കാനാണ് പാക്കേജിലൂടെ ശ്രമിക്കുന്നത്. പുനരധിവാസത്തിന് കണ്ടെത്തിയ പത്ത് കേന്ദ്രങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ പൊതുവായ പോയന്റിലും എത്തിക്കും.
ആറ് മാസം വരെ വീട്ട് വാടകയായി പ്രതിമാസം അയ്യായിരം രൂപ വീതം നല്‍കാന്‍ പാക്കേജ് വ്യവസ്ഥ ചെയ്യുന്നു. നേരത്തെ പത്ത് മാസത്തേക്കാണ് വീട്ട് വാടക അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കുടിശ്ശികയുള്ള 27 മാസത്തെ തുക വൈകാതെ അനുവദിക്കും. വീട് നിര്‍മിക്കുന്ന സ്ഥലത്ത് പൈലിങ്ങിനായി ഒരു കുടുംബത്തിന് 75000 രൂപ വീതം നല്‍കും. വീട് നിര്‍മാണത്തിനായി വായ്പയെടുക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ പട്ടയം  ഈട് വെക്കുന്നതിനും അനുമതി നല്‍കി.
നഷ്ടപരിഹാര തുകക്ക് 12 ശതമാനം കേന്ദ്ര വരുമാന നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ നഷ്ടപരിഹാരവും വരുമാനവും വേര്‍തിരിച്ച് കാണണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. മൂലമ്പിള്ളിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് വീതം വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി നല്‍കുന്നതിന് കേന്ദ്ര സഹമന്ത്രി പ്രഫ.കെ.വി.തോമസ്, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.
തൊഴില്‍ സ്ഥാപനം നഷ്ടപ്പെട്ട ജോയി ജോണ്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്ക് സ്ഥാപനം വീണ്ടും തുടങ്ങുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും  പാക്കേജ് വ്യവസ്ഥ ചെയ്യുന്നു.
പുതുക്കിയ പാക്കേജിനായി കലക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതിയും രൂപവത്കരിച്ചു. സമിതി എല്ലാ മാസവും  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അതാത് മാസം റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ടും നല്‍കും.
കേന്ദ്ര സഹമന്ത്രി പ്രഫ.കെ.വി.തോമസ്, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു,പി.ജെ.ജോസഫ്, ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, എറണാകുളം ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മൂലമ്പിള്ളിക്കാരുടെ പ്രതിനിധികളായി സി.ആര്‍.നീലകണ്ഠന്‍, ഫ്രാന്‍സിസ് കളത്തിങ്കല്‍, പ്രഫ.കെ.പി.അരവിന്ദാക്ഷന്‍, കെ.റജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, സതീഷ് നായിക്, വി.ഡി.രജീന്ദ്രന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി 23പേരാണ് കരാറില്‍ ഒപ്പിട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.