പുതു തലമുറയെ കലയിലൂടെ തിരുത്തണമെന്ന് പി. വത്സല

തിരുനെല്ലി: അനുഭവങ്ങളുടെ നോവറിയാതെയും ശിക്ഷണമില്ലാതെയും കരുത്താര്‍ജിക്കുന്ന പുതിയ തലമുറയെ കടമകളിലൂടെ, കാരുണ്യത്തിലൂടെ, കലയിലൂടെ തിരുത്താനും വളര്‍ത്താനും ഉത്തമ സാഹിത്യത്തിന് കഴിയണമെന്ന് നോവലിസ്റ്റ് പി. വത്സല. തിരുനെല്ലിയില്‍ ആരംഭിച്ച യുവകലാസാഹിതി സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്റര്‍നെറ്റിന്റെയും സാങ്കേതിക വിദ്യകളുടെയും സഹായവും പരസ്യങ്ങളുടെ ഒരു താങ്ങും ഉണ്ടെങ്കില്‍ ഒരാളെ എത്രയും വലുതാക്കാന്‍ കഴിയുന്ന പുതിയ കാലഘട്ടത്തില്‍ മനുഷ്യധര്‍മം എന്തെന്ന് അറിയിക്കാന്‍ കഴിയുന്ന വേദിയാവണം യുവകലാസാഹിതി.
തെരഞ്ഞെടുപ്പിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്ന രാഷ്ട്രീയവും ഫ്‌ളാറ്റ് സംസ്‌കാരത്തിലൂടെ അവനവനില്‍ ഒതുങ്ങുന്ന ജീവിതശൈലിയും നമ്മെ കൊണ്ടുപോവുന്നത് വിനാശത്തിന്റെ വഴികളിലേക്കാണ്. എത്രയധികം അറിവ് നേടിയാലും ചുറ്റുപാടുകളെ അറിയാനും അനുഭവിക്കാനും സ്‌നേഹിക്കാനും കഴിയുമ്പോഴാണ് എഴുത്തുകാരന്‍ ചാരിതാര്‍ഥ്യനാവുന്നത്. ഇതിന്റെ വലിയ ഉദാഹരണമായിരുന്നു രബീന്ദ്രനാഥ ടാഗോര്‍. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാവരെയും നിലംപരിശാക്കി എനിക്ക് ഒന്നാമനാകണമെന്ന വികല ചിന്തയാണ് പ്രബലപ്പെടുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും വത്സല ടീച്ചര്‍ പറഞ്ഞു.
 സാഹിതി സംസ്ഥാന പ്രസിഡന്റ് പി.കെ. ഗോപി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.ജെ. ബാബു സ്വാഗതം പറഞ്ഞു. കഥാകൃത്ത് കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ചവറ കെ.എസ്. പിള്ള, കെ.എ. സുധി, ബി. ഐഷാബി, ടി.യു. ജോണ്‍സണ്‍, ഡോ. ഡി.കെ. മുരളീകൃഷ്ണന്‍, ടി.വി. ബാലന്‍, അനില്‍ മാരാത്ത് എന്നിവര്‍ സംസാരിച്ചു. പി.കെ. ഗോപി സംഘടനയുടെ നയരേഖ അവതരിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.