പാരിസ്: റൊളാങ് ഗാരോയുടെ ചെമ്മണ്ണില്‍ റോജര്‍ ഫെഡറര്‍ക്കെതിരെ വീണ്ടും റാഫേല്‍ നദാലിന്റെ വിജയഭേരി. ഇതോടെ ്രഫഞ്ച് ഓപണില്‍ ആറു വട്ടം വെന്നിക്കൊടി നാട്ടുന്ന താരമെന്ന ബ്യോണ്‍ ബോര്‍ഗിന്റെ റെക്കോഡിനൊപ്പമെത്തി സ്‌പെയിനിന്റെ സ്വന്തം റഫ അഭിമാനനേട്ടം കൊയ്തു. ആധുനിക ടെന്നിസിലെ വിഖ്യാത പ്രതിഭകള്‍ മാറ്റുരച്ച ക്ലാസിക് ഫൈനലില്‍ ഫെഡററുടെ കടുത്ത വെല്ലുവിളി നാലു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ നദാല്‍ ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം വീണ്ടും മാറോടു ചേര്‍ത്തത്. സ്‌കോര്‍: 7-5, 7-6, 5-7, 6-1. 25കാരനായ നദാലിന്റെ പത്താം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ടെന്നിസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കുടമയായ ഫെഡറര്‍ 17ാം വിജയമുദ്ര തേടിയാണ് കോര്‍ട്ടിലിറങ്ങിയത്.
മുഖാമുഖം അണിനിരക്കുമ്പോള്‍ എന്നും വീറുറ്റ പോരാട്ടങ്ങളിലേക്ക് റാക്കറ്റുവീശി ലോകത്തെ ആവേശഭരിതമാക്കുന്ന പതിവുശൈലിയിലാണ് നദാലും ഫെഡററും ഏറ്റുമുട്ടിയത്. വേഗവും കരുത്തും പ്രതിഭാശേഷിയും പോരാട്ടവീര്യവുമെല്ലാം സമഞ്ജസം ചേര്‍ന്ന് നെറ്റിന്റെ ഇരുധ്രുവങ്ങളില്‍നിന്ന് കൊണ്ടും കൊടുത്തും ഇരുവരും പോരാടിയപ്പോള്‍ ഇരുവരെയും മാറിമാറി പ്രോത്സാഹിപ്പിച്ച ഗാലറി ഉദ്വേഗനിമിഷങ്ങളിലാണ്ടു.
ആദ്യസെറ്റില്‍ 3-0ത്തിനും പിന്നീട് 4-1നും 5-2നും മുന്നിലെത്തിയ ഫെഡറര്‍ സെറ്റ് നേടുമെന്ന് ഏറക്കുറെ പ്രതീക്ഷിച്ചു നില്‍ക്കെയാണ് തന്റെ ഇഷ്ടപ്രതലത്തില്‍ നദാല്‍ പൊരുതിക്കയറിയത്. സ്വിസ് താരത്തിന്റെ സര്‍വ് ബ്രേക്ക് ചെയ്ത് 3-5ലെത്തിയ നദാല്‍, പിന്നീട് ഫെഡറര്‍ക്ക് അവസരമൊന്നും നല്‍കാതെ തുടരെ അഞ്ചു ഗെയിമുകള്‍ നേടി സെറ്റ് കൈക്കലാക്കുന്നതാണ് കണ്ടത്. രണ്ടാം സെറ്റും ഇഞ്ചോടിഞ്ചു പോരാട്ടത്തിന്‍േറതായിരുന്നു. 4-2ന് മുന്നിലെത്തിയ നദാലിനെതിരെ 4-4ലെത്തിയ 'ഫെഡ് എക്‌സ്‌പ്രസ്' തകര്‍പ്പന്‍ എയ്‌സുകളുമായാണ് മികവു കാട്ടിയത്. നദാല്‍ 5-4ല്‍ നില്‍ക്കെ അല്‍പസമയം മഴ കളി തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് കളി തുടര്‍ന്നപ്പോള്‍ ഫെഡറര്‍ 6-5ന് മുന്നിലെത്തി. സര്‍വ് നിലനിര്‍ത്തി 6-6ലെത്തിയ നദാല്‍ ടൈബ്രേക്കറില്‍ 7-3ന് കാര്യങ്ങള്‍ അനുകൂലമാക്കി.
മൂന്നാം സെറ്റില്‍ 4-2നും 5-4നും മുന്നിലെത്തിയ നദാല്‍ മാച്ച് പോയന്റ് കളഞ്ഞുകുളിച്ചശേഷം സെറ്റ് ഫെഡറര്‍ക്ക് വഴങ്ങിയതോടെയാണ് കളി നാലാം സെറ്റിലേക്ക് നീണ്ടത്.
അപായം മണത്ത നദാല്‍ നാലാം സെറ്റില്‍ തികഞ്ഞ സൂക്ഷ്മതയോടെ റാക്കറ്റേന്തി. 4-1ന് മുന്നില്‍കയറിയശേഷം എതിരാളിക്ക് പഴുതൊന്നും നല്‍കാതെ മൂന്നു മണിക്കൂര്‍ 39 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ചരിത്രനേട്ടത്തിലേക്ക് നദാല്‍ സര്‍വുതിര്‍ത്തു. ജയത്തോടെ ലോക ഒന്നാം റാങ്ക് ഉറപ്പാക്കുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍