ന്യൂയോര്‍ക്: ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ അമേരിക്കയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. മസാചൂസെറ്റ്‌സിലെ ഫോക്‌സ്ബറോയിലുള്ള ഗലിലെറ്റ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സാന്റിയാഗോ കാസോര്‍ല ഇരട്ടഗോള്‍ നേടി. ആല്‍വാരോ നേഗ്രെഡോയും ഫെര്‍ണാണ്ടോ ടോറസും ഓരോ തവണ ലക്ഷ്യം കണ്ടു. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ തങ്ങളെ കീഴടക്കിയ എതിരാളികള്‍ക്കെതിരെ ആദ്യപകുതിയില്‍ സ്‌പെയിന്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റിനൊരുങ്ങുന്ന അമേരിക്കക്ക് സന്നാഹ മത്സരത്തിലെ കനത്ത തോല്‍വി തിരിച്ചടിയായി.
കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച സ്‌പാനിഷ് നിരയില്‍ നെഗ്രെഡോയുടെയും ഡേവിഡ് വിയ്യയുടെയും ശ്രമങ്ങള്‍ പോസ്റ്റില്‍തട്ടി മടങ്ങിയ ശേഷമാണ് 28ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡെത്തിയത്. ഡേവിഡ് സില്‍വയുടെ സ്‌ക്വയര്‍ പാസിലായിരുന്നു പോസ്റ്റനരികെനിന്ന് കാസോര്‍ല വല കുലുക്കിയത്. സാബി അലോന്‍സോയുടെ പാസില്‍ നെഗ്രെഡോ ലീഡുയര്‍ത്തി. ഡേവിഡ് സില്‍വ നിലം പറ്റെ നല്‍കിയ ക്രോസില്‍ കാസോര്‍ല വീണ്ടും യു.എസ് ഗോളി ടിം ഹൊവാര്‍ഡിനെ കീഴ്‌പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍