ഗോയാനിയ (ബ്രസീല്‍): ലോകകപ്പിനുശേഷം മഞ്ഞപ്പടയും ഓറഞ്ചുസംഘവും വീണ്ടും നേര്‍ക്കുനേര്‍ കളത്തിലിറങ്ങിയ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ദക്ഷിണാഫ്രിക്കന്‍ വിശ്വമേളയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളെ കീഴടക്കിയ ഡച്ചുകാരോട് ബ്രസീല്‍ സ്വന്തം മണ്ണില്‍ കണക്കുതീര്‍ക്കുമെന്ന ആതിഥേയ പ്രതീക്ഷകള്‍ സെറാ ഡൂറാഡ സ്‌റ്റേഡിയത്തില്‍ യാഥാര്‍ഥ്യമായില്ല. 79ാം മിനിറ്റില്‍ റാമിറസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തു പേരുമായി പന്തുതട്ടേണ്ടിവന്ന ബ്രസീല്‍ ഒരര്‍ഥത്തില്‍ സമനില നേടി രക്ഷപ്പെടുകയായിരുന്നു. ഇരുഗോള്‍മുഖത്തും ഗോള്‍കീപ്പര്‍മാരുടെ മിന്നുന്ന പ്രകടനം ഫലം സമനിലയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മത്സരശേഷം കാണികള്‍ കൂക്കിവിളിച്ചാണ് ബ്രസീല്‍ ടീമിന്റെ പ്രകടനത്തില്‍ അസന്തുഷ്ടി അറിയിച്ചത്.
ലോകകപ്പില്‍ 2-1ന് ജയിച്ചുകയറിയ കളിയില്‍ ഇരുഗോളുമടിച്ച സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ വെസ്‌ലി സ്‌നൈഡറില്ലാതെയാണ് ഹോളണ്ട് ബ്രസീലിലെത്തിയത്. എങ്കിലും ആര്‍യെന്‍ റോബനൊപ്പം പുതുമുഖതാരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ആദ്യപകുതിയില്‍ മഞ്ഞക്കുപ്പായക്കാരെ സന്ദര്‍ശകര്‍ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തി. ചെല്‍സി താരമായ റാമിറസ് ഒരു തവണ ക്രോസ്ബാറിനു മുകളിലൂടെ ഷോട്ടുതിര്‍ത്തതായിരുന്നു ഒന്നാം പകുതിയില്‍ ബ്രസീല്‍ നടത്തിയ ഏക മുന്നേറ്റം. മറുവശത്ത് ഇബ്രാഹിം അഫെല്ലായിയുടെ ഗോളെന്നുറച്ച രണ്ടു നീക്കങ്ങള്‍ ഉജ്ജ്വലമായി മുനയൊടിച്ച് ഗോളി യൂലിയോ സീസര്‍ ബ്രസീലിന്റെ രക്ഷക്കെത്തി.
ഇടവേളക്ക് തൊട്ടുമുമ്പ് കെവിന്‍ സ്ട്രൂമാന്റെ ഫ്രീകിക്കില്‍ ലഭിച്ച സുവര്‍ണാവസരത്തില്‍ റോബിന്‍ വാന്‍ പെഴ്‌സിക്ക് ബ്രസീല്‍ വല കുലുക്കാനായില്ല.
നെയ്മറിനെയും റൊബീന്യോയെയും ഇടംവലം നിര്‍ത്തി സെന്റര്‍ഫോര്‍വേഡില്‍ ഫ്രെഡിനെ വിന്യസിച്ച് ആക്രമണം കനപ്പിച്ച ബ്രസീല്‍ കോച്ച് മാനോ മെനസിസിന്റെ ശിഷ്യന്മാര്‍ രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒട്ടേറെ അവസരങ്ങള്‍ ആതിഥേയര്‍ മെനഞ്ഞെടുത്തെങ്കിലും ഡച്ചുകാരുടെ അരങ്ങേറ്റ ഗോളി ടിം ക്രൂലിന്റെ തകര്‍പ്പന്‍ പ്രകടനം ലക്ഷ്യത്തിനുമുന്നില്‍ വിലങ്ങുതടിയായി. ഫ്രെഡിനാണ് ഫിനിഷിങ്ങില്‍ ഏറെ പിഴച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മറിന്റെ ഗോളെന്നുറച്ച ശ്രമം അതിശയകരമായി ക്രുല്‍ ഗതിമാറ്റിവിട്ടു. തിയാഗോ സില്‍വ വല ലക്ഷ്യമിട്ട് പായിച്ച ഷോട്ടിനെ വാന്‍ പേഴ്‌സി ഗോള്‍ലൈനിനരികെവെച്ചാണ് വഴിതിരിച്ച് വിട്ടത്.
നെയ്മറിനെയടക്കം പിന്‍വലിച്ച് ഒട്ടേറെ സബ്‌സ്റ്റിറ്റിയൂഷനുകള്‍ വരുത്തിയ മെനസിസിന്റെ നീക്കം ബ്രസീലിയന്‍ നീക്കങ്ങളുടെ ഒഴുക്കിനെ സാരമായി ബാധിച്ചു. ഹോളണ്ട് മികച്ച പ്രത്യാക്രമണങ്ങളുമായി ഒപ്പത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കളി അല്‍പം പരുക്കനായി. അന്തിമ വിസിലിന് 11 മിനിറ്റ് ബാക്കിയിരിക്കേ റോബനെ ഫൗള്‍ ചെയ്തതിന് രണ്ടാമതും മഞ്ഞക്കാര്‍ഡ് വാങ്ങിയാണ് റാമിറസ് കളം വിട്ടത്.
ആദ്യപകുതിയില്‍ ചില പ്രയാസങ്ങളുണ്ടായിരുന്നെന്നും അഫെല്ലായിയെ വേണ്ടവിധം മാര്‍ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മെനസിസ് മത്സരശേഷം പറഞ്ഞു. ബ്രസീലിനെതിരെ അവരുടെ തട്ടകത്തില്‍ സമനില മോശം ഫലമല്ലെന്നു പറഞ്ഞ ഡച്ച് കോച്ച് മാര്‍വിക് അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോളി ക്രുലിനെ ഏറെ പ്രശംസിച്ചു. ബ്രസീല്‍ ചൊവ്വാഴ്ച റുമേനിയയെയും ഹോളണ്ട് ബുധനാഴ്ച യുറഗ്വായിയെയും നേരിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍