ലണ്ടന്‍: യൂറോ ഫൈനല്‍ റൗണ്ട് സ്വപ്‌നവുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ വിലയേറിയ രണ്ട് പോയന്റുകള്‍ തട്ടിയകറ്റി യോഗ്യതാ മത്സരത്തില്‍ സ്വിസ് അട്ടിമറി. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അവരുടെ വിഖ്യാതവേദിയായ വെംബ്ലി സ്‌റ്റേഡിയത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-2ന് സമനിലയില്‍ തളച്ചപ്പോള്‍ അവസരം മുതലെടുത്ത് മുന്‍നിരയിലേക്ക് മുന്നേറാനുള്ള മോണ്ടിനെഗ്രോയുടെ ശ്രമവും സമനിലക്കുരുക്കില്‍ കുടുങ്ങി. അതേസമയം, ഗ്രൂപ്പ് ബിയില്‍ റോമന്‍ പവ്‌ല്യൂചെങ്കോയുടെ ഹാട്രിക് മികവില്‍ റഷ്യ അര്‍മീനിയയെ തകര്‍ത്തെറിഞ്ഞു. മുന്‍ ചാമ്പ്യന്മാരായ ഗ്രീസും പോര്‍ചുഗലും ജയത്തോടെ നില ഭദ്രമാക്കി.
ജി ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി മുന്നേറുകയായിരുന്ന ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ വിജയം ലക്ഷ്യമിട്ടായിരുന്നു പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമണം ആരംഭിച്ച് മുന്നറിയിപ്പ് നല്‍കി. ഗോള്‍കീപ്പര്‍ ജോയ് ഹാര്‍ടിന്റെ വീഴ്ചകളാണ് ഇംഗ്ലീഷ് വലക്ക് വിള്ളല്‍ വീഴ്ത്തിയത്. കളിയുടെ 32ാം മിനിറ്റില്‍ ട്രാന്‍കിലോ ബെര്‍നറ്റ ഫ്രീകിക്കിലൂടെ ആദ്യമായി സ്വിറ്റ്‌സര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു. മൂന്നാം മിനിറ്റില്‍ ബെര്‍നറ്റ വീണ്ടും ഗോള്‍ നേടി ലീഡുയര്‍ത്തി. ഇതോടെ ആതിഥേയര്‍ 2-0ന് പിന്നിലായതിന്റെ ആഘാതത്തിലായി. എന്നാല്‍, രണ്ടാം മിനിറ്റില്‍ തന്നെ ആരാധകര്‍ക്ക് ആശ്വാസമായി ഇംഗ്ലണ്ടിനെ ഫ്രാങ്ക് ലാംപാര്‍ഡാണ് പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതിക്കു ശേഷം 51ാം മിനിറ്റില്‍ ആഷ്‌ലി യങ്ങിലൂടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ പിറന്നത്. വിലയേറിയ മൂന്ന് പോയന്റ് പോക്കറ്റിലാക്കണമെങ്കില്‍ ഒരുഗോള്‍ കൂടിനേടണമെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, വാല്‍കോട്ടും ലാംപാര്‍ഡുമിറങ്ങിയ മത്സരത്തില്‍ വിജയസ്വപ്നം പൊലിഞ്ഞു.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി ഇംഗ്ലണ്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്രയും പോയന്റുമായി മോണ്ടിനെഗ്രോ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയും നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് അഞ്ച് പോയന്റ് മാത്രമാണുള്ളത്.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ 3-1ന് അര്‍മീനിയയെ തോല്‍പിച്ചു. കളിയുടെ 26, 59, 73 മിനിറ്റുകളിലാണ് പവ്‌ല്യൂ ചെങ്കോ അര്‍മീനിയന്‍ വലനിറച്ച് ഹാട്രിക് അടിച്ചുകൂട്ടിയത്. ഗ്രൂപ്പില്‍ സ്‌ലോവാക്യ 13 പോയന്റുമായി ഒന്നാം സ്ഥാനത്താണെങ്കില്‍ ഇതേപോയന്റുമായി റഷ്യ തൊട്ടുപിന്നിലുണ്ട്.
ഗ്രൂപ്പ് എഫില്‍ ഗ്രീസ് ആറ് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്നലത്തെ പോരാട്ടത്തില്‍ മാള്‍ട്ടയെ 3-1നാണ് ഇവര്‍ കീഴ്‌പ്പെടുത്തിയത്. ഗ്രൂപ്പ് 'എച്ച് ചാമ്പ്യന്മാരായി മുന്നേറുന്ന പോര്‍ചുഗല്‍ 1-0ന് നോര്‍വേയെ തോല്‍പിച്ചു. 53ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് പോര്‍ചുഗീസുകാര്‍ക്കുവേണ്ടി ലക്ഷ്യം കണ്ടത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെപെ, നാനി എന്നിവര്‍ പറങ്കിപ്പടയില്‍ പന്തു തട്ടാനിറങ്ങിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍