പോര്‍ട് ഓഫ് സ്‌പെയിന്‍: ട്വന്റി20യിലെ തകര്‍പ്പന്‍ വിജയത്തോടെ കരീബിയന്‍ മണ്ണിനെ വരുതിയിലാക്കിയ ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. സചിനും ധോണിയുമടക്കം സീനിയര്‍ താരങ്ങളില്ലാതെയെത്തിയ സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ പര്യടനത്തിലെ ഏക ട്വന്റി20യില്‍ നേടിയ 16 റണ്‍സ് വിജയത്തിന്റെ ആവേശത്തിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാരെന്ന തലയെടുപ്പോടെയാണ് ടീം ഇന്ത്യയുടെ പടയൊരുക്കം. ലോകകപ്പും തൊട്ടുപിന്നാലെ നടന്ന ഐ.പി.എല്ലും കാരണം സീനിയര്‍ താരങ്ങളെയെല്ലാം ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ വിന്‍ഡീസിലെത്തിയത്. സചിന്‍ ടെണ്ടുല്‍കര്‍, ക്യാപ്റ്റന്‍ എം.എസ്. ധോണി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സഹീര്‍ഖാന്‍ തുടങ്ങിയ മുന്‍നിരക്കാരില്ലാതെയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യ ഇറങ്ങുന്നത്.
ക്യാപ്റ്റന്‍ സുരേഷ് റെയ്‌നക്കൊപ്പം യുവതാരങ്ങളായ വിരാട് കോഹ്‌ലി, എസ്. ബദരീനാഥ്, യൂസുഫ് പത്താന്‍, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ തുടങ്ങിയവരുമായാണ് ഇന്ത്യ പരമ്പര പിടിക്കാനിറങ്ങുന്നത്.പതിവിന് വിപരീതമായി സ്ലോ ബോളുകളെ പിന്തുണച്ച ക്വീന്‍സ് പാര്‍ക് ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ മികവുതെളിയിച്ചതാണ്. എങ്കിലും അവസാന ഓവറുകളില്‍ അടികൊണ്ടതും ഓഫ് സ്‌പിന്നര്‍മാര്‍ തന്നെയായിരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണിങ്ങിന്റെ പരാജയം ഒരിക്കല്‍ കൂടി വ്യക്തമായി.
അതേസമയം, പരീക്ഷണ പോരാട്ടത്തിലേറ്റ തോല്‍വിയില്‍ നിന്ന് തിരിച്ചുകയറുകയാണ് ആതിഥേയരുടെ ലക്ഷ്യം. ഓള്‍റൗണ്ടര്‍ കിരോണ്‍ പൊളാര്‍ഡ് ടീമില്‍ തിരിച്ചെത്തി. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ പാകിസ്താനെതിരെ നടന്ന ഏകദിന പരമ്പരയിലും തോല്‍വി വഴങ്ങിയ വെസ്റ്റിന്‍ഡീസിന് ഇന്ത്യയുടെ രണ്ടാം നിരക്കെതിരെ വിജയം അനിവാര്യമാണ്. വിന്‍ഡീസ് ബൗളിങ്ങിന്റെ കുന്തമുന നായകന്‍ ഡാരന്‍ സമി തന്നെയാണ്. സര്‍വന്‍, പൊളാര്‍ഡ്, ബ്രാവോ എന്നിവര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ബാറ്റിങ്ങും ക്ലിക്കാവും.
ഇന്ത്യ: സുരേഷ് റെയ്‌ന (ക്യാപ്റ്റന്‍), ആര്‍. അശ്വിന്‍, എസ്. ബദരീനാഥ്, ഹര്‍ഭജന്‍സിങ്, വിരാട് കോഹ്‌ലി, പ്രവീണ്‍കുമാര്‍, അമിത് മിശ്ര, മുനാഫ് പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, യൂസുഫ് പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, രോഹിത് ശര്‍മ, വിനയ്കുമാര്‍, മനോജ് തിവാരി, ശിഖര്‍ധവാന്‍.
വെസ്റ്റിന്‍ഡീസ്: ഡാരന്‍ സമി (ക്യാപ്റ്റന്‍), കാള്‍ട്ടന്‍ ബോ, ലെന്‍ഡല്‍ സിമണ്‍സ്, കിര്‍ക് എഡ്വേര്‍ഡ്‌സ്, ഡാരന്‍ ബ്രാവോ, മര്‍േലാണ്‍ സാമുവല്‍സ്, രാം നരേഷ് സര്‍വന്‍, ഡ്വെയ്ന്‍ ബ്രാവോ, കിരോണ്‍ പൊളാര്‍ഡ്, ആന്ദ്രെ റസല്‍, ആന്റണി മാര്‍ട്ടിന്‍, ദേവേന്ദ്ര ബിഷു, രവി രാംപോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍