അഷ്ടമുടിക്കായലില്‍ വള്ളം മുങ്ങി രണ്ട് യുവാക്കള്‍ മരിച്ചു; നാലുപേര്‍ രക്ഷപ്പെട്ടു

കുണ്ടറ: അഷ്ടമുടിക്കായലില്‍ ഫൈബര്‍ വള്ളംമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു.
വെള്ളിമണ്‍ ഇടക്കരകോളനിയില്‍ ബാബുപിള്ളയുടെയും ശാന്തമ്മയുടെയും മകന്‍ സുകേശന്‍ (അപ്പു-23), ഇതേ കോളനിയിലെ തന്നെ താമസക്കാരനായ സാജു (26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സാജുവിന്റെ സഹോദരന്‍ സന്തോഷ്(30), സോണിഭവനില്‍ സോബിന്‍(24), കുഴിയം ബിജുഭവനില്‍ വിനോദ്(28),ചെമ്മക്കാട്, ചാറുകാട് ആയിരത്തില്‍മേലതില്‍ രാധാകൃഷ്ണപിള്ള(42) എന്നിവരാണ് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ഇവര്‍ അപകടനില തരണംചെയ്തു.  ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ചെമ്മക്കാട് പളളിക്കടവില്‍ അഷ്ടമുടിക്കായലിലായിരുന്നു അപകടം. മരപ്പണിക്കാരനായ രാധാകൃഷ്ണപിള്ളയോടൊപ്പം പണിയെടുക്കുന്നവരും സുഹൃത്തുക്കളുമാണ് വള്ളത്തിലുണ്ടായിരുന്നത്.  ജോലിക്കൂലി  നല്‍കാനെത്തിയ രാധാകൃഷ്ണപിള്ളയോടൊപ്പം വള്ളത്തില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് സംഭവം. വള്ളത്തില്‍ നിന്നു വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞായിരുന്നു അപകടം. തീരത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് വള്ളം മുങ്ങിയത്. നാലുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ്   ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിവരം അറിഞ്ഞ് കുണ്ടറ ഫയര്‍ ഫോഴ്‌സും പൊലീസും എത്തി  കാണാതായവര്‍ക്കായി കായലില്‍ തെരച്ചില്‍ തുടങ്ങി. ഫയര്‍ ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദനടക്കം തെരച്ചില്‍ നടത്തിയിട്ടും  മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരായ അഞ്ച് യുവാക്കളടങ്ങുന്ന സംഘമാണ്  വൈകുന്നേരം നാലോടെ മൃതദേഹം മുങ്ങിയെടുത്തത്.  മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സാജുവിന്റെ വിവാഹം ആറുമാസം മുമ്പായിരുന്നു. ഭാര്യ അജില.  
കലക്ടര്‍ ലളിതാംബിക,  ഡെപ്യൂട്ടി തഹസില്‍ദാര്‍ യഹിയ കോയ, ചാത്തന്നൂര്‍ അസി.കമീഷണര്‍ മധുസൂദനന്‍, കുണ്ടറ സി.ഐ മുഹമ്മദ് റിയാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍.സജികുമാര്‍, പെരിനാട്,പനയം പഞ്ചായത്ത് പ്രസിഡന്റുന്മാര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മരിച്ച സാജുവിന്റെയും സുകേശന്റെയും ബന്ധുക്കള്‍ക്ക് ലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതായും കലക്ടര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.