വെള്ളിയാഴ്ച സന്‍ആയില്‍ തന്റെ കൊട്ടാരത്തിനു നേര്‍ക്കു നടന്ന റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് ചികിത്സക്കെന്ന പേരില്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുകയാണ്. അധികാര പുനഃക്രമീകരണം സംബന്ധിച്ച് വൈസ്‌പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചിരിക്കെ ചികിത്സയുടെ പേരില്‍ രാഷ്ട്രീയാഭയത്തിനുള്ള സുരക്ഷിതപാത ഒരുക്കുകയായിരുന്നു എന്നാണ് പൊതുവായ വിലയിരുത്തല്‍. തലസ്ഥാനമായ സന്‍ആയിലും പ്രധാന നഗരങ്ങളിലും പ്രസിഡന്റിന്റെ 'കുടിയൊഴിഞ്ഞുപോക്കി'ല്‍ ആഹ്ലാദപ്രകടനം നടന്നുവരുകയാണെന്ന് വാര്‍ത്തകളില്‍ പറയുന്നു. ഇതോടെ തുനീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കും ഈജിപ്തിലെ ഹുസ്‌നി മുബാറകിനും പിറകില്‍ നാടു വിട്ടോടുന്ന പശ്ചിമേഷ്യയിലെ മൂന്നാമനാവുകയാണ് അലി സ്വാലിഹ്.
രാഷ്ട്രഘടനയില്‍ വന്ന മാറ്റത്തിനനുസൃതമായി സാമ്പത്തികരംഗത്ത് ശക്തി പ്രാപിക്കാന്‍ കഴിയാതിരുന്നതും രാഷ്ട്രാന്തരീയ ബന്ധങ്ങളെ രാജ്യതാല്‍പര്യത്തിനിണങ്ങും വിധം സംവിധാനിക്കാന്‍ കഴിയാതെ പോയതുമാണ് 33 വര്‍ഷം കൈവശംവെച്ച സിംഹാസനം സ്വാലിഹിന്റെ കൈകളില്‍നിന്ന് വഴുതിപ്പോകാനിടയാക്കിയത്. 1990ല്‍ ഉത്തര, ദക്ഷിണ യമനുകള്‍ സംയോജിച്ച് ഏകീകൃത യമനായിത്തീര്‍ന്ന ശേഷം ശക്തമായ ഒരു രാഷ്ട്രമായി മാറാനുള്ള അനുകൂലസാഹചര്യങ്ങള്‍ സ്വാലിഹ് നഷ്ടപ്പെടുത്തി. രാഷ്ട്ര പുനരേകീകരണത്തിനു തൊട്ടുടനെ നടന്ന ഗള്‍ഫ്‌യുദ്ധത്തില്‍ ഇറാഖിനെ പിന്തുണച്ചതു തന്നെ മികച്ച ഉദാഹരണം. സദ്ദാം ഹുസൈന്റെ അമേരിക്കന്‍വിരുദ്ധ വാചകക്കസര്‍ത്തുകള്‍ മുഖവിലക്കെടുത്ത യമന്‍ അന്ന് സൗദിയുടെയും കുവൈത്തിന്റെയും വിദ്വേഷം ഏറ്റുവാങ്ങി. ഒരു ദശലക്ഷത്തോളം വരുന്ന യമനികളെ സൗദി പുറത്താക്കി. സൗദിയും കുവൈത്തും യമനുള്ള സാമ്പത്തികസഹായം വന്‍തോതില്‍ വെട്ടിക്കുറച്ചു. 1994ല്‍ രാജ്യത്ത് തലയുയര്‍ത്തിയ ആഭ്യന്തരസംഘര്‍ഷങ്ങള്‍ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. കരകയറാന്‍ എല്ലാവരും കണ്ട വഴിതന്നെയായിരുന്നു സ്വാലിഹിന്റെയും മുന്നില്‍ -ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ വാതിലില്‍ മുട്ടുക. സഹായവുമായി അവര്‍ വന്നു. വായ്പയുടെ ഉപാധിച്ചരടുകളില്‍ യമന്‍ മുറുകിയതു മാത്രമായിരുന്നു ഫലം. സിവില്‍സര്‍വീസുകാരുടെ ശമ്പളം വെട്ടിക്കുറച്ചും പ്രതിരോധച്ചെലവ് നിയന്ത്രിച്ചും ഇന്ധന സബ്‌സിഡി ഒഴിവാക്കിയും വാങ്ങിയ വായ്പ കടബാധ്യതയും ജനരോഷവും മാത്രമേ അധികരിപ്പിച്ചുള്ളൂ. അതോടൊപ്പം 45 ശതമാനത്തിലേറെ പേര്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന നാട്ടില്‍ മധ്യവര്‍ഗം കൂടി ഭരണകൂടത്തിന്റെ പുത്തന്‍ സാമ്പത്തിക നയപരിപാടികളുടെ കെടുതികള്‍ക്കിരയായതോടെ സ്വാലിഹിനെതിരെ ജനരോഷം ഉരുണ്ടുകൂടുകയായിരുന്നു.
ഇതിനൊപ്പം, അല്‍ഖാഇദയുടെ ആഗോളകേന്ദ്രമായി വിശേഷിപ്പിച്ചുകൊണ്ടുള്ള അമേരിക്കയുടെ ശത്രുതാപരമായ നീക്കങ്ങള്‍ കൂടിയായതോടെ യമന്‍ 'പൂര്‍ണരോഗി'യായി മാറി. 2000ത്തില്‍ നടന്ന യു.എസ്.എസ് കോള്‍ ആക്രമണത്തിന്റെ സൂത്രധാരനെ യമന്‍ സംരക്ഷിക്കുന്നതാണ് അമേരിക്കയുടെ വിദ്വേഷം ക്ഷണിച്ചുവരുത്തിയ ആദ്യസംഭവം. 2001ല്‍ അമേരിക്കയിലെ ഭീകരാക്രമണത്തോടെ യമന്‍ യു.എസിന്റെ കരിമ്പട്ടികയിലായി. യമനിലെ ഭരണഘടനയനുസരിച്ച് സ്വന്തം പൗരന്മാരെ അന്യരാഷ്ട്രങ്ങള്‍ക്ക് പിടിച്ചുകൊടുക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് യു.എസിനു വേണ്ട പ്രതികളെ വിട്ടുകൊടുക്കാതിരിക്കാന്‍ യമന്‍ പറഞ്ഞ ന്യായം. അതുപോലെ ഗ്വണ്ടാനമോ തടങ്കല്‍പാളയത്തില്‍ തങ്ങളുടെ നൂറോളം തടവുകാരുണ്ടെന്നും അവര്‍ അമേരിക്കക്കെതിരായ ന്യായമായി പറഞ്ഞുറപ്പിച്ചതോടെ വാശി കനത്തു.
ഇങ്ങനെയൊക്കെയാണെങ്കിലും യമനെ പിണക്കാന്‍ ആ രാഷ്ട്രവുമായി ഏറ്റവും ദീര്‍ഘമായ അതിര്‍ത്തി പങ്കിടുന്ന സൗദിയും ഇതര ജി.സി.സി രാഷ്ട്രങ്ങളും തയാറല്ല. അതിനാല്‍, അമേരിക്ക തന്നെയും സന്‍ആയോട് കരുതിയാണ് കളിക്കുന്നത്. യമനിലെ ആഭ്യന്തരകാലുഷ്യത്തില്‍ എന്നും കക്ഷികളായ ശിയാവിഭാഗത്തിന് ഇറാനില്‍നിന്നു കിട്ടിയേക്കാവുന്ന പിന്തുണയും അത് വിളിച്ചുവരുത്തിയേക്കാവുന്ന വിദൂരപ്രത്യാഘാതങ്ങളുമാണ് യമനെ തല്ലിയും തലോടിയുമുള്ള സമീപനത്തിന് സൗദിയെ പ്രേരിപ്പിക്കുന്നത്. പഴയ ശത്രുതയൊക്കെ മറന്ന് യമനുള്ള വിഭവസഹായം അടുത്ത കാലത്തായി സൗദി വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യമനിലെ അസ്ഥിരത ഏറ്റവുമധികം ആശങ്കയുളവാക്കുന്നത് സൗദി അറേബ്യക്കാണ്. അതുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സൗദിയും ജി.സി.സി രാഷ്ട്രങ്ങളും മുന്‍കൈയെടുക്കുന്നു. 2013 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനിരുന്ന സ്വാലിഹിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ജനകീയപ്രതിഷേധം ശക്തിപ്പെട്ട ശേഷം വൈകാതെ സ്ഥാനമൊഴിയാനും സംഘര്‍ഷങ്ങളിലേക്ക് വഴുതാതെ ജനങ്ങളുമായി സഹവര്‍ത്തിത്വത്തിന്റെ മാര്‍ഗമാരായാനും സൗദി പ്രേരിപ്പിക്കുന്നു. ഭരണകൂടവുമായും പ്രതിപക്ഷവുമായും അവര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായാണ് ജി.സി.സി രാഷ്ട്രങ്ങളുടെ മാധ്യസ്ഥ്യത്തില്‍ സന്ധി സാധ്യത ഉരുത്തിരിഞ്ഞത്. എന്നാല്‍, അതിനു വഴങ്ങാതെ നില്‍ക്കുകയായിരുന്നു പ്രസിഡന്റ് സ്വാലിഹ് ഇതുവരെയും. ഒടുവില്‍, പ്രതിഷേധപ്രക്ഷോഭവും ഗോത്രങ്ങള്‍ തമ്മിലുള്ള വംശീയസംഘര്‍ഷവും ഒന്ന് മറ്റൊന്നില്‍നിന്നു വേര്‍തിരിക്കാനാവാത്തവിധം പ്രതിസന്ധി സങ്കീര്‍ണവും സന്ദിഗ്ധവുമായി തുടരുന്നതിനിടെ ആക്രമണം പ്രസിഡന്റിനു നേര്‍ക്ക് തന്നെ വന്നു. കൊട്ടാരവൃത്തങ്ങള്‍ നിഷേധിക്കുമ്പോഴും മുഖത്തും നെഞ്ചിലും തലയിലും മുറിവേറ്റ സ്വാലിഹിന്റെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ഗത്യന്തരമില്ലാതെ സൗദിയെത്തന്നെ അദ്ദേഹത്തിന് ശരണം പ്രാപിക്കേണ്ടിവന്നു.
ചികിത്സക്കായാലും അല്ലെങ്കിലും സ്വാലിഹിനെ ഇനി യമനു വേണ്ട എന്നാണ് ഞായറാഴ്ച പ്രക്ഷോഭക്കാര്‍ രാജ്യത്തുടനീളം ഉയര്‍ത്തിയ മുദ്രാവാക്യം. പ്രതിപക്ഷത്തെ ബഹുദൂരം പിറകിലേക്ക് തള്ളി ഇതര അറബ്‌രാജ്യങ്ങളിലെപ്പോലെ യമനിലും യുവാക്കളാണ് ഭരണകൂടവിരുദ്ധ പ്രക്ഷോഭം നയിക്കുന്നത്. സന്‍ആയിലെ യൂനിവേഴ്‌സിറ്റി സ്‌ക്വയറിനെ 'മാറ്റത്തിന്റെ ചത്വരം' (ചെയ്ഞ്ച്‌സ് സ്‌ക്വയര്‍) ആക്കി മാറ്റിയ അവര്‍ ജനാധിപത്യപരമായ ഭരണമാറ്റമല്ലാതെ മറ്റൊന്നുകൊണ്ടും തങ്ങള്‍ അടങ്ങില്ലെന്ന വാശിയിലാണ്. ഭരണം സ്വാലിഹിന്റെ കുടുംബത്തിനോ സൈന്യത്തിനോ കൈമാറുന്നതും പൊറുക്കില്ലെന്ന് അവര്‍ തീര്‍ത്തുപറയുന്നു. യഥാര്‍ഥത്തില്‍ ചികിത്സ വേണ്ടത് സ്വാലിഹിനല്ല, യമനിലെ സ്വേച്ഛാധിപത്യവ്യവസ്ഥക്കാണ്. ആധിപത്യശക്തികള്‍ ആ ജനാധിപത്യാവകാശം വകവെച്ചുകൊടുത്താല്‍ യമന്റെ എന്നല്ല, അറബ്‌രാഷ്ട്രങ്ങളുടെത്തന്നെ അസ്വസ്ഥത അടക്കാനാവും.



നിങ്ങളുടെ അഭിപ്രായങ്ങള്‍