സന്‍ആ(യമന്‍): വെള്ളിയാഴ്ച കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹും സൗദി അറേബ്യയിലേക്ക് പലായനം ചെയ്തതായി സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രധാനമന്ത്രി അലി മുഹമ്മദ് മുജൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ശനിയാഴ്ച്ച തന്നെ സൗദി അറേബ്യയിലേക്ക് ചികിത്സക്കായി കൊണ്ടുപോയിരുന്നു.
പ്രസിഡന്റ് രാജ്യം വിട്ടതായി യമന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഭൂരിഭാഗം കുടുംബാംഗങ്ങളോടുമൊപ്പം അലി അബ്ദുല്ല സ്വാലിഹ് സൗദിയിലേക്ക് പോയെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സൗദി സര്‍ക്കാറും സ്വാലിഹ് രാജ്യത്ത് എത്തിയത് സ്ഥിരീകരിച്ചിട്ടില്ല.
പ്രസിഡന്റ് കൂടി രാജ്യം വിട്ടതോടെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടുന്ന പ്രക്ഷോഭകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. അതേസമയം, പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് രാജ്യത്ത് മടങ്ങിയെത്തുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യമന്‍ ഭരണകൂടത്തെ പിന്തുണക്കുന്ന അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെയും അമേരിക്കയുടെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് അലി അബ്ദുല്ല സ്വാലിഹ് രാജ്യംവിട്ടതെന്നും സൂചനയുണ്ട്. പ്രസിഡന്റ് രാജ്യത്ത് തുടരുന്നത് യമനെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും ഇത് അല്‍ഖാഇദയുടെ ഏറ്റവും സജീവമായ ശാഖക്കെതിരെ തങ്ങള്‍ നയിക്കുന്ന പോരാട്ടത്തിന് തിരിച്ചടിയാവുമെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് അമേരിക്കയുടെ നിലപാടെന്നും സൂചനയുണ്ട്. അതുകൊണ്ടു തന്നെ സ്വാലിഹ് ഇനി രാജ്യത്തേക്ക് മടങ്ങില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുമായും തങ്ങള്‍ ബന്ധപ്പെട്ടതായി പ്രതിപക്ഷ വക്താവ് മുഹമ്മദ് ഖഹ്താതാന്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, കൊട്ടാരത്തിനു നേരെ നടന്ന റോക്കറ്റ് ആക്രമണത്തില്‍ നെഞ്ചിനു പരിക്കേറ്റ സ്വാലിഹ് ചികിത്സ കഴിഞ്ഞാല്‍ ഉടന്‍ രാജ്യത്ത് തിരിച്ചെത്തുമെന്നാണ് സ്വാലിഹുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാജ്യംവിട്ടതോടെ യമന്‍ ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണെന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റാണ് ഭരണഘടന അനുസരിച്ച് യമന്റെ ഭരണാധികാരി. വൈസ് പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ഇന്നലെ യു.എസ് അംബാസഡര്‍ ജെറാള്‍ഡ് മൈക്കിള്‍ ഫീര്‍സ്റ്റീനുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിനാണ് ഇപ്പോള്‍ ചുമതലയെന്നാണ് ഇത് തെളിയിക്കുന്നത്.
യമനിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ചെറിയ രീതിയില്‍ ആരംഭിച്ച പ്രക്ഷോഭമാണ് രൂക്ഷമായ ആഭ്യന്തര പ്രശ്‌നമായി മാറിയത്. പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹുമായി അടുപ്പത്തിലായിരുന്ന ഗോത്ര ത്തലവന്‍ ശൈഖ് സ്വാദിഖ് അല്‍അഹ്മര്‍ എതിര്‍ ചേരിയിലായതോടെ പ്രശ്‌നം അതിരൂക്ഷമാവുകയായിരുന്നു.
ശൈഖ് സ്വാദിഖിന്റെ സംഘത്തിലെ അംഗങ്ങളാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നിലെന്ന് യമന്‍ ആരോപിച്ചിരുന്നു. പട്ടാളത്തിലെ ഉന്നതര്‍ കൂറുമാറിയതും പ്രസിഡന്റിന് കനത്ത തിരിച്ചടിയായി.


.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍