രാംദേവും സര്‍ക്കാറും ഏറ്റുമുട്ടലില്‍

രാംദേവും സര്‍ക്കാറും ഏറ്റുമുട്ടലില്‍

ന്യൂദല്‍ഹി:  അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ദല്‍ഹി രാംലീലാ മൈതാനിയില്‍ ഉപവാസ സമരം നടത്തിയ ബാബാ രാംദേവിനെയും അനുയായികളെയും പാതിരാത്രിയിലെ പൊലീസ് നടപടിയിലൂടെ ഒഴിപ്പിച്ചിട്ടും തര്‍ക്കവും ഏറ്റുമുട്ടലും തുടരുന്നു.  കേന്ദ്ര സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യധാരണ ലംഘിച്ചതിന്റെ പേരില്‍ ദല്‍ഹിയില്‍നിന്ന്  ബാബാ രാംദേവിനെ ഹരിദ്വാറിലെത്തിച്ചു. അദ്ദേഹം ഇന്ന് അവിടെ നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ വന്‍ പൊലീസ് സന്നാഹത്തെ ഇറക്കി ബലപ്രയോഗത്തിലൂടെയാണ് രാംദേവിനെയും അനുയായികളെയും മൈതാനിയില്‍നിന്ന് പുറത്താക്കിയത്.അര്‍ധരാത്രിയിലെ പൊലീസ് നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി രാംദേവിന്റെ നിലപാടാണ് ഇതിലേക്ക് നയിച്ചതെന്ന് ന്യായീകരിച്ചു. ഉറപ്പ് ലംഘിച്ച് നടത്തിയ ഉപവാസത്തിനെതിരെയുള്ള പൊലീസ് നടപടി സര്‍ക്കാറും കോണ്‍ഗ്രസ് പാര്‍ട്ടിയും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
രാംദേവ് അടക്കമുള്ള സമരക്കാര്‍ ഉറക്കത്തിലായ സമയത്താണ് അപ്രതീക്ഷിതമായ പൊലീസ് നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സമരത്തിന് അന്ത്യംകുറിച്ചത്. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലെന്ന് കരുതി രാംലീലയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും അന്നേരം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ 12.30 ന് മൈതാനിയില്‍ പ്രവേശിച്ച വന്‍ പൊലീസ് സന്നാഹത്തിന്റെ ബഹളത്തിനിടയില്‍ ഉണര്‍ന്നെണീറ്റവരോട് ഉപവാസത്തിനുള്ള അനുമതി പാതിരാത്രി 12 മണിയോടെ അവസാനിച്ചുവെന്നും നിരോധാജ്ഞ നിലവില്‍ വന്നെന്നും മുതിര്‍ന്ന പൊലീസ് ഓഫിസര്‍ വിളിച്ചുപറഞ്ഞു. ഉടന്‍തന്നെ മൈതാനം വിടാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാബ അറിയിക്കാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് അനുയായികള്‍ വ്യക്തമാക്കി. ബലം പ്രയോഗിച്ച് പൊലീസ് വേദിയില്‍ കയറിയപ്പോഴേക്കും വേദിയില്‍നിന്ന് ചാടിച്ച് ബാബാ രാംദേവിനെ വലയത്തിലാക്കി സ്ത്രീകളടക്കമുള്ള അനുയായികള്‍ മനുഷ്യമതില്‍ തീര്‍ത്തു. തിരക്കില്‍ വസ്ത്രം കീറി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വനിതാ അനുയായി നല്‍കിയ സ്ത്രീയുടെ വസ്ത്രം ധരിച്ചാണ് രാംദേവ് മൈതാനത്തില്‍നിന്ന് പുറത്തുകടന്നത്.
തുടര്‍ന്ന് അനുയായികളുടെ ചുമലില്‍ കയറിയിരുന്ന് മൈക്കിലൂടെ നീണ്ട പ്രസംഗം നടത്തി.അനുയായികള്‍ മൈതാനം വിടുന്നില്ലെന്ന് കണ്ടതോടെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. ഇതിനിടയില്‍ വേദിയുടെ മൂലക്ക് തീപിടിച്ചെങ്കിലും പെട്ടെന്ന് അണച്ചതിനാല്‍ അത്യാഹിതമൊഴിവായി. തുടര്‍ന്ന് ബാബയെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അരലക്ഷത്തില്‍പ്പരം വരുന്ന അനുയായികളുടെ ചെറുത്തുനില്‍പ്പും കല്ലേറും,  ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് ചെറുത്താണ് ബാബാ രാംദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രി വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ച് ഞായറാഴ്ച രാവിലെയാണ് 46കാരനായ രാംദേവിനെ ദല്‍ഹി പാലം വിമാനത്താവളത്തില്‍നിന്ന് വിമാനമാര്‍ഗം ഡറാഡൂണിലെത്തിച്ചത്. 14 ദിവസത്തേക്ക് ബാബാ രാംദേവ് ദല്‍ഹിയില്‍ പ്രവേശിക്കുന്നത് വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ രാംലീല മൈതാനി ഉള്‍ക്കൊള്ളുന്ന മധ്യ ദല്‍ഹി ജില്ലയില്‍ 144ാം വകുപ്പുപ്രകാരം നിരോധാജ്ഞ പ്രഖ്യാപിച്ചു.
പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ലോക്‌നായക് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 39 സമരക്കാര്‍ക്കും 29 പൊലീസുകാര്‍ക്കും പരിക്കേറ്റുവെന്നാണ് ഔദ്യോഗിക ഭാഷ്യം.
രഹസ്യധാരണപ്രകാരം ശനിയാഴ്ച നാലു മണിക്ക് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ഉപവാസം വീണ്ടും തുടര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെകൂടി നിര്‍ദേശപ്രകാരം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നടപടി വിശദീകരിച്ച് നാലു മണിക്ക് കത്ത് നല്‍കിയശേഷമായിരുന്നു ഇത്. എന്നാല്‍, ഉപവാസം പിന്‍വലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ച രാംദേവ് ഉടന്‍തന്നെ മാറ്റിപ്പറഞ്ഞു.
രാംദേവുമായി വീണ്ടുമൊരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയില്ലാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം തുടരുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക്  ഇടയാക്കുമെന്ന ഭീതിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.