ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറുമായി പരസ്യമായ ഏറ്റുമുട്ടലിനൊരുങ്ങിയതിന്റെ പ്രത്യാഘാതമെന്നോണം ബാബാ രാംദേവിന്റെ കോടികളുടെ ആസ്തി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചറൊട്ടിക്കാന്‍ പോലും കാശില്ലാതെ കേവലം ഒരു സൈക്കിളുമായി കഴിഞ്ഞിരുന്ന രാംദേവ് സ്വന്തമായി ഹെലികോപ്ടറും വിദേശ ദ്വീപുമുള്ള കോടീശ്വരനായി മാറിയതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുക.
ബ്രിട്ടനിലെയും കാനഡയിലെയും നേപ്പാളിലെയും പതഞ്ജലി യോഗ്പീഠ് ട്രസ്റ്റുകള്‍, അമേരിക്കയിലെ പതഞ്ജലി യോഗ ഫൗണ്ടേഷന്‍ എന്നിവ വഴി വരുന്ന കോടികളുടെ സ്വത്തുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ദ്വീപില്‍ അന്തരാഷ്ട്ര ആസ്ഥാനം പണിയാനായിരുന്നു ബാബാ രാംദേവ് ലക്ഷ്യമിട്ടിരുന്നത്. ലിറ്റില്‍ കമ്പ്രെ എന്ന കൊച്ചുദ്വീപ് ഇതിനായി 20 ലക്ഷം പൗണ്ട് കൊടുത്താണ് ബാബാ രാംദേവ് വാങ്ങിയത്. ആയുര്‍വേദ ചികില്‍സയും മസാജിങ്ങും തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. 18 മാസത്തിനകം ദ്വീപില്‍ തീര്‍ഥാടകരെത്തിത്തുടങ്ങുമെന്നും രാംദേവ് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ ഹൂസ്റ്റണില്‍ 600 കോടി രൂപ ചെലവിട്ടാണ് ആശ്രമം സ്ഥാപിക്കുന്നത്. ഇതിനായി 300 കോടി രൂപ സംഭാവനയിലൂടെ പിരിച്ചെടുത്തിട്ടുണ്ട്.
ഇതു കൂടാതെ ദേശീയ തലത്തിലുള്ള ദിവ്യ യോഗ മന്ദിര്‍, പതഞ്ജലി യോഗ്പീഠ്, ഭാരത് സ്വാഭിമാന്‍ എന്നീ മൂന്ന് ട്രസ്റ്റുകളും അന്വേഷണ പരിധിയില്‍പെടും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാബ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഹരിദ്വാറിലെ 500 ഏക്കറില്‍ വ്യാപിച്ചുകിടക്കുകയാണ് പ്രധാന ആസ്ഥാനം. ഇത് കൂടാതെ ഹരിദ്വാറില്‍ 501 ഏക്കര്‍ ഭൂമി കൂടിയുണ്ട്. 300 കോടി രൂപയാണ് ഇതിന് വില മതിച്ചിരിക്കുന്നത്. ഇതിനു പുറമെ ഹരിദ്വാറില്‍ നൂറ് ഏക്കറില്‍ 100 കോടി രൂപ ചെലവിട്ട ഒരു ആശ്രമവുമുണ്ട്. ഹരിദ്വാറില്‍ 500 കോടി രൂപയുടെ ഫുഡ്പാര്‍ക്കുമുണ്ട്. ഹിമാചല്‍ പ്രദേശിലുള്ള 96 ഏക്കര്‍ ഭൂമിക്ക് 20 കോടി രൂപയാണ് വിപണിവില. പതഞ്ജലി ട്രസ്റ്റില്‍ കോര്‍പറേറ്റ് അംഗത്വത്തിന് 11 ലക്ഷം രൂപയും പൊതു അംഗത്വത്തിന് 11,000 രൂപയുമാണ് ഈടാക്കുന്നത്. അഞ്ച് ലക്ഷം, രണ്ടര ലക്ഷം, ഒരു ലക്ഷം, 51,000 രൂപ, 21,000 രൂപ എന്നിങ്ങനെ ഫീസുള്ള അംഗത്വങ്ങളും രാംദേവിന്റെ വരുമാന മാര്‍ഗങ്ങളാണ്. ആയുര്‍വേദ മരുന്ന് വില്‍പനയിലൂടെ 25 കോടിരൂപയാണ് ഒരു മാസത്തെ വരുമാനമെന്നാണ് ബാബയുടെ അവകാശവാദം. യോഗപുസ്തകങ്ങളും സീ.ഡിയും വിറ്റഴിച്ച് 10 കോടി രൂപയുണ്ടാക്കുന്നുണ്ടെന്നും ബാബ പറയുന്നു. എന്നാല്‍, ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായി എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസവും 31 ചാനലുകളില്‍ ബാബാ രാംദേവിന്റെ യോഗമുറകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. യോഗക്ക് എയ്ഡ്‌സും പ്രാണായാമത്തിന് കാന്‍സറും സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് രാംദേവിന്റെ വാദം. രോഗികള്‍ക്ക് തെറ്റായ പ്രതീക്ഷ നല്‍കി യോഗ നടത്തുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിവാദപുരുഷനായിട്ടും രണ്ട് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ ഓണററി ബിരുദം നല്‍കി ആദരിച്ചപ്പോള്‍ പതഞ്ജലി യൂനിവേഴ്‌സിറ്റി ആക്ടിലൂടെ 2006ല്‍ ഒരു സര്‍വകലാശാല തന്നെ ഉത്തരഖണ്ഡ് സര്‍ക്കാര്‍ രാംദേവിന് അനുവദിച്ചു. ബാബയുടെ കോടികളുടെ സ്വത്തുക്കള്‍ വിവാദത്തിലായപ്പോഴും പ്രതിരോധത്തിനെത്തിയിരുന്നത് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയുമായിരുന്നു.



നിങ്ങളുടെ അഭിപ്രായങ്ങള്‍