പൊലീസ് നടപടി പ്രധാനമന്ത്രിയുടെയും സോണിയയുടെയും അനുമതിയോടെ-ബി.ജെ.പി

ലഖ്‌നോ: ബാബാ രാംദേവിനും അനുയായികള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ അറിവോടെയാണെന്ന് ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ലഖ്‌േനാവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. സമാധാനപരമായ സമരത്തെ ഈ രീതിയില്‍ നേരിട്ടത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യവ്യാപകമായി സത്യഗ്രഹ സമരം നടത്താനും ബി.ജെ.പി പാര്‍ട്ടി നേതാക്കളോട് ആഹ്വാനം ചെയ്തു. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍  ദല്‍ഹി രാജ്ഘട്ടില്‍ സത്യഗ്രഹമിരിക്കും.
ജാലിയന്‍ വാലാബാഗ് സംഭവത്തോട് രാംലീലയെ ഉപമിച്ച വിശ്വഹിന്ദുപരിഷത്ത് അധ്യക്ഷന്‍ അശോക്‌സിംഗാള്‍, സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്ക് സന്യാസിമാരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. രാംദേവിനെ കൊള്ളക്കാരനെന്ന് വിളിച്ച് അപമാനിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ്, ഉസാമ ബിന്‍ ലാദിനെ 'ലാദിന്‍ജി' എന്നു വിളിക്കുന്ന ദേശസ്‌നേഹിയാണെന്നും സിംഗാള്‍ പരിഹസിച്ചു.മാനാഭിമാനങ്ങള്‍ നഷ്ടമായവനെപ്പോലെയാണ് ദിഗ്‌വിജയ്‌സിങ് സംസാരിക്കുന്നതെന്ന് മധ്യപ്രദേശിലെ ബി.ജെ.പി വക്താവ് ഉമേഷ് ശര്‍മ പ്രതികരിച്ചു.
സമീപകാലത്തെ  ഏറ്റവും മോശം ദിനമാണിതെന്ന് പ്രതികരിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും പ്രധാനമന്ത്രിയുടെ അറിവോടെയാണ് അതിക്രമം നടന്നതെന്ന് ആവര്‍ത്തിച്ചു. രാംലീലയില്‍ നടന്നത് രാവണലീലയാണ്. സ്വിസ്ബാങ്കിലെ കള്ളപ്പണം അധികാരത്തിലേറി നൂറു ദിവസം കൊണ്ട് പിടിച്ചെടുക്കുമെന്നാണ് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് പറഞ്ഞത്-മോഡി ചൂണ്ടിക്കാട്ടി.
മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് അര്‍ധരാത്രിയിലെ പൊലീസ് നടപടിയെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ ജനാധിപത്യത്തിന ്‌ചേര്‍ന്നതല്ല. മാന്യതക്കു നിരക്കാത്ത ഭാഷയാണ് മന്ത്രി കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്നത്. രാംദേവിന്റെ പല നിലപാടുകളോടും യോജിപ്പുണ്ടെങ്കിലും സമരത്തിനുപിന്നില്‍ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഒരിടത്തും നിതിന്‍ ഗഡ്കരി ബാബാ രാംദേവിന്റെ പേര് എടുത്തു പറഞ്ഞില്ലെന്നതും ശ്രദ്ധേയമായിരുന്നു.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.